കൊച്ചി : മുനമ്പം സമരത്തിന് പൂർണ പിന്തുണയുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമരവേദിയിലെത്തി. സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സമരത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ലെന്നും മാർ റാഫേൽ തട്ടിൽ സമരക്കാരോട് പറഞ്ഞു.
‘സമരത്തിൽ ഏത് അറ്റം വരെ പോകേണ്ടിവന്നാലും കൂടെ ഞാനുണ്ടാകും. നിങ്ങളുടെ മരണം വരെ, അവസാനത്തെ പോരാളി മരിച്ചു വീഴുന്നത് വരെ ഞാനുണ്ടാകും കൂടെ. ഗാന്ധിജിയുടെ സത്യഗ്രഹ മാതൃകയിൽ പോരാട്ടം നടത്തും. അക്രമസക്തമായ രീതിയിൽ അല്ല’- മാർ റാഫേൽ തട്ടിൽ പറഞ്ഞു.
ക്രൈസ്തവ പുരോഹിതർ വർഗീയത പറയുന്നുവെന്ന വഖഫ് മന്ത്രി വി അബ്ദുറഹിമാന്റെ പരാമർശത്തിനും മാർ റാഫേൽ മറുപടി നൽകി. ‘മന്ത്രി പറയുന്നത് കേട്ട് എന്റെ ഈ ളോഹ ഊരി മാറ്റാൻ കഴിയുമോ? ഞാൻ നിൽക്കുന്ന ആശയങ്ങൾ മാറ്റുമെന്ന് കരുതുന്നുണ്ടോ? ഞങ്ങൾ സമരക്കാരുടെ ഇടയന്മാർ ആണ്. ജനങ്ങളുടെ കൂടേ നിൽക്കുന്നില്ല എങ്കിൽ ഒറ്റുകാരാകും. ളോഹ ഊരിമാറ്റി ഖദർ ഷർട്ട് ഇട്ട് സമര പന്തലിൽ വന്നു നിൽക്കാനാകില്ല’- മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മാർ റാഫേൽ തട്ടിൽ സമരപ്പന്തലിൽ
മനുഷ്യത്വരഹിതമായ രീതിയിൽ സമരക്കാരുടെ ആവശ്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും മുനമ്പംകാർക്ക് മനുഷ്യത്വപരമായി നീതിയും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.
അതേസമയം മുനമ്പം വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് കത്തോലിക്കാ സഭ. മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച എല്ലാ പള്ളികളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ കത്തോലിക്കാ കോൺഗ്രസ് ആഹ്വാനം ചെയ്തു.
മുനമ്പം സമരം
610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നും വഖഫ് ബോർഡിന്റെ അവകാശവാദം ഉപക്ഷേിക്കണമെന്നുമാണ് കെസിബിസിയുടെയും കെആർഎൽസിസിയുടെയും ആവശ്യം. മുനമ്പത്തെ 610 കുടുംബങ്ങൾ നിയമാനുസൃതം സ്വന്തമാക്കിയിട്ടുള്ള സ്ഥലം വഖഫ് ഭൂമിയാണെന്ന അവകാശവാദമാണ് ഒരു ജനതയെ സമര മുനമ്പത്ത് എത്തിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.