കൊച്ചി: മൂന്നാം ഘട്ടമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടുന്നതിന് കൊച്ചി മെട്രോ കേന്ദ്ര പിന്തുണ തേടി. ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും തുടര്‍ന്ന് അങ്കമാലിയിലേക്കും പുതിയ പാത നിര്‍മിക്കാന്‍ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനാണ് കേരളം പിന്തുണ തേടിയിരിക്കുന്നത്.
സാമ്പത്തിക പിന്തുണ തേടി കേന്ദ്രത്തിന് കത്തു നല്‍കിയിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ ഭാഗത്ത് ഭൂഗര്‍ഭ പാത ഉള്‍പ്പെടെയാണ് മൂന്നാം ഘട്ടം വിഭാവനം ചെയ്യുന്നത്. മൂന്നാം ഘട്ടത്തിനായി നേരത്തേ പദ്ധതി രൂപരേഖ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതില്‍ മാറ്റങ്ങള്‍ ആവശ്യമായി വന്നതിനാലാണ് പുതിയ രൂപരേഖ ഒരുക്കുന്നത്. കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കിയില്ലെങ്കില്‍ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന്റെ ചെലവ് കെ.എം.ആര്‍.എല്‍ തന്നെ വഹിക്കേണ്ടി വരും.
ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് അങ്കമാലി വരെ ഒരു പാത. തുടര്‍ന്ന് എയര്‍പോര്‍ട്ടിലേക്ക് കണക്ഷന്‍ ലൈന്‍ എന്ന രീതിയിലായിരുന്നു പദ്ധതി ആദ്യം ആസൂത്രണം ചെയ്തിരുന്നത്. രണ്ട് പാതകളുടെ നിര്‍മാണത്തിന്റെയും മറ്റും അസൗകര്യങ്ങള്‍ വിലയിരുത്തിയാണ് ആലുവ-വിമാനത്താവളം-അങ്കമാലി എന്ന രീതിയില്‍ റൂട്ട് പരിഗണിക്കുന്നത്. ഈ റൂട്ടിന്റെ സാധ്യതകളെല്ലാം പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍, വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരാമെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമോ എന്നതെല്ലാം പരിശോധിക്കേണ്ടതുണ്ട്. പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തില്‍ റൂട്ട്മാറ്റം നിര്‍ദേശിക്കപ്പെട്ടാല്‍ അത് നടപ്പാക്കും. പുതിയ റൂട്ടിന് 8000 കോടി രൂപയോളം ചെലവുവരുമെന്നാണ് വിലയിരുത്തല്‍. പദ്ധതി തുക ഇനിയും ഉയരാനാണ് സാധ്യത.
വിമാനത്താവളത്തിന്റെ ഭാഗത്ത് മെട്രോയ്ക്ക് അണ്ടര്‍ഗ്രൗണ്ട് പാതയാണ് പരിഗണനയിലുള്ളത്. അഞ്ച് കിലോമീറ്ററാണ് നിലവില്‍ ഈ പാതയ്ക്ക് നീളം പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.