മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ ഒരിക്കലും ഉണ്ടാകില്ലെന്ന് വി. അബ്ദുറഹിമാന്‍; സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണന്നും മന്ത്രി

മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ ഒരിക്കലും ഉണ്ടാകില്ലെന്ന് വി. അബ്ദുറഹിമാന്‍; സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണന്നും   മന്ത്രി

കോഴിക്കോട്: മുനമ്പത്ത് ഒരിക്കലും കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. കേസുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം വന്നാലും കുടിയൊഴിപ്പിക്കില്ല. മുനമ്പം ഇപ്പോള്‍ രാഷ്ട്രീയ വിഷയമാകുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു.

പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇതുവരെ തയ്യാറാകാതിരുന്ന സുരേഷ് ഗോപി ഇപ്പോള്‍ ഒരു ആക്ഷന്‍ ഹീറോയെ പോലെ വന്ന് പറയുന്നത് കേന്ദ്ര മന്ത്രിക്ക് ചേര്‍ന്നതല്ല. ഇത് തെറ്റായ രീതിയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. നികുതി സ്വീകരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത് സര്‍ക്കാരല്ലെന്നാണ് മന്ത്രിയുടെ വാദം.

മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും ബിജെപി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അനുകൂലിച്ച ചരിത്രമില്ലെന്നുമാണ് എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

മുനമ്പം എന്നല്ല കേരളത്തില്‍ എവിടെയായാലും ജനങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കേണ്ട സാഹര്യമില്ല. മുനമ്പത്ത് കാലങ്ങളായി സമരം നടക്കുന്നുണ്ട്. ഇത് സര്‍ക്കാരിന് മാത്രം പരിഹരിക്കാനാകുന്ന പ്രശ്‌നമല്ല.

കോടതി ഇടപെടല്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്നമുണ്ട്. അതൊക്കെ സര്‍ക്കാര്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമാണ്. മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയില്‍ മുനമ്പത്തുകാര്‍ക്ക് കരം അടയ്ക്കാനുള്ള അനുമതി റവന്യൂ വകുപ്പ് നല്‍കിയിരുന്നുവെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.