അഭിമാന നിമിഷം; ഭാരതത്തിലെ നാല് രൂപതകള്‍ക്ക് പുതിയ മെത്രാന്‍മാരെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

അഭിമാന നിമിഷം; ഭാരതത്തിലെ നാല് രൂപതകള്‍ക്ക് പുതിയ മെത്രാന്‍മാരെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ബംഗളുരു: ഭാരതത്തില്‍ നാല് പുതിയ മെത്രാന്‍മാരെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. നെല്ലൂര്‍, വെല്ലൂര്‍, വസായി, ബാഗ്ഡോഗ്ര എന്നീ നാല് രൂപതകള്‍ക്കാണ് പുതിയ മെത്രാന്‍മാരെ നിയമിച്ചത്.

മഹാരാഷ്ട്രയിലെ വസായ് ബിഷപ്പായി  ഡോ. തോമസ് ഡിസൂസയെയും (54) തമിഴ്നാട്ടിലെ വെല്ലൂര്‍ ബിഷപ്പായി ആംബ്രോസ് പിച്ചൈമുത്തു (58)വിനെയും ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ബിഷപ്പായി ആന്റണി ദാസ് പിള്ളയെയും (51) പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര ബിഷപ്പായി പോള്‍ സിമിക്കിനെ (61) പാപ്പ നിയമിച്ചു.

1970 മാര്‍ച്ച് 23 ന് വസായ് രൂപതയിലെ ചുല്‍നെയില്‍ ജനിച്ച തോമസ് ഡിസൂസ ഗോരേഗാവിലെ സെന്റ് പയസ് എക്‌സ് കോളജില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1998 ഏപ്രില്‍ 18 ന് വസായ്  രൂപതയില്‍  വൈദികനായി.

മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിരവധി അജപാലന ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ച അദേഹം 2019 മുതല്‍ നന്ദഖലിലെ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1966 മെയ് മൂന്നിന് തമിഴ്നാട്ടിലെ ചെയ്യൂരില്‍ ജനിച്ച പിച്ചൈമുത്തു ചെന്നൈയിലെ സേക്രഡ് ഹാര്‍ട്ട് സെമിനാരിയില്‍ വൈദികപഠനം നടത്തി. പിന്നീട് റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി.

1993 മാര്‍ച്ച് 25 ന് വൈദിക പട്ടം സ്വീകരിച്ച സേക്രഡ് ഹാര്‍ട്ട് സെമിനാരിയില്‍ അസിസ്റ്റന്റ് പാസ്റ്റര്‍, പ്രൊഫസര്‍, വൈസ് റെക്ടര്‍, ചിംഗിള്‍പുട്ട് വികാരി ജനറല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1973 ഓഗസ്റ്റ് 24 ന് ഡോണകൊണ്ടയില്‍ ജനിച്ച ആന്റണി ദാസ്, പിള്ളി സെന്റ് ജോണ്‍സ് റീജിയണല്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുകയും റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയാന യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോഗ്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു.

2000 ഏപ്രില്‍ 24 ന് നെല്ലൂര്‍ രൂപത ബിഷപ്പിന്റെ സെക്രട്ടറി, ഗുഡലൂര്‍ സെന്റ് ജോണ്‍സ് മൈനര്‍ സെമിനാരി റെക്ടര്‍, ഡോഗ്മാറ്റിക് തിയോളജി പ്രൊഫസര്‍ തുടങ്ങി വിവിധ ചുമതലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1963 ഓഗസ്റ്റ് ഏഴിന് ഡാര്‍ജിലിങ് രൂപതയിലെ ഗിറ്റ്ഡബ്ലിങില്‍ ജനിച്ച പോള്‍ സിമിക്ക് റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയാന യൂണിവേഴ്സിറ്റിയില്‍ നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

ഡാര്‍ജിലിങ് രൂപതയ്ക്ക് വേണ്ടി 1992 ഏപ്രില്‍ ഒമ്പതിന് വൈദികനായി അഭിഷിക്തനായ അദേഹം നാംചി പബ്ലിക് സ്‌കൂളിലെ ഹോസ്റ്റല്‍ പ്രീഫെക്റ്റ്, സുറുക്കിലെ സെന്റ് മൗറീസ് വികാരി, മോണിങ് സ്റ്റാര്‍ കോളേജിലെ സേക്രഡ് സ്‌ക്രിപ്ച്ചര്‍ പ്രൊഫസര്‍ തുടങ്ങി നിരവധി തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2014 ല്‍ നേപ്പാളിലെ അപ്പസ്തോലിക് വികാരിയായി നിയമിതനായ ബിഷപ്പ് പോള്‍ സിമിക്ക് അതേ വര്‍ഷം തന്നെ മെത്രാഭിഷേകം സ്വീകരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.