വത്തിക്കാൻ സിറ്റി: കപടനാട്യത്തെ ശാസിക്കുകയും ഒഴിവാക്കുകയും ചെയ്യണമെന്നുള്ള കർത്താവിന്റെ ആഹ്വാനം ആവർത്തിച്ച് ഫ്രാൻസിസ് മാർപാപ്പ. പകരം, വിനയത്തോടും ഹൃദയാർദ്രതയോടും കൂടെ സേവനം ചെയ്യാനാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നതെന്നും മാർപാപ്പ പറഞ്ഞു.
ഞായറാഴ്ച ത്രികാലജപ പ്രാർത്ഥനയ്ക്കുമുമ്പ് മർക്കോസിന്റെ സുവിശേഷത്തിൽ നിന്നുള്ള വായനയെ അടിസ്ഥാനമാക്കി (മർക്കോസ് 12:38-44) ധ്യാനചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു പാപ്പാ. ജെറുസലേം ദേവാലയത്തിൽ, യേശു നിയമജ്ഞരുടെ കാപട്യത്തെ അപലപിച്ചതിനെ അനുസ്മരിച്ച പാപ്പ, കപടനാട്യക്കാരെ കരുതിയിരിക്കണമെന്നും നാം കൂടുതൽ വിശ്വസ്തരും സ്നേഹമുള്ളവരും വിശ്വാസയോഗ്യരും ആകണമെന്നും ഊന്നിപ്പറഞ്ഞു.
നിയമജ്ഞരുടെ കാപട്യങ്ങൾ
നിയമജ്ഞർ ഇസ്രായേൽ സമൂഹത്തിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നവരായിരുന്നു. തിരുവെഴുത്തുകൾ വായിക്കുകയും പകർത്തുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നതിനാൽ അവർക്ക് സമൂഹത്തിൽ ഉയർന്ന പരിഗണന ലഭിച്ചിരുന്നു. എന്നിരുന്നാലും, അവരുടെ പെരുമാറ്റവും പ്രവൃത്തികളും അവർ പഠിപ്പിച്ചിരുന്ന കാര്യങ്ങളുമായി പലപ്പോഴും പൊരുത്തപ്പെട്ടിരുന്നില്ല.
അന്തസ്സും അധികാരവും ഉള്ളവരായിരുന്നതിനാൽ, അവർ മറ്റുള്ളവരെ അവജ്ഞയോടെ വീക്ഷിക്കുകയും അഹങ്കാരത്തോടെ പെരുമാറുകയും, നിയമസംഹിതകളുടെ മറവിൽ കപട മാന്യതയുടെ മുഖംമൂടി ധരിക്കുകയും ചെയ്തുപോന്നു. ഇപ്രകാരം പെരുമാറുന്നതും മറ്റുള്ളവരെ വിലകുറച്ചു കാണുന്നതും വളരെയധികം ദുഷിച്ച മനോഭാവമാണെന്ന് മാർപാപ്പ പറഞ്ഞു.
കപടഭക്തിയെന്ന അപകടം ഒഴിവാക്കുക
ഇത്തരക്കാർ പലരുടെയും പ്രാർത്ഥനകൾപോലും കർത്താവുമായുള്ള കണ്ടുമുട്ടലിൻ്റെ നിമിഷങ്ങളാകുന്നതിനു പകരം കപടഭക്തിയുടെയും വ്യാജമായ സദാചാരത്തിന്റെയും പ്രദർശനവേളകളായി മാറുന്നു. അവരെ അനുകരിക്കാതിരിക്കാനും അവരിൽനിന്ന് അകന്നുനിൽക്കാനും അവരെക്കുറിച്ച് ജാഗ്രതയുള്ളവരാകാനുമാണ് യേശു മുന്നറിയിപ്പു നൽകുന്നത് - മാർപാപ്പ പറഞ്ഞു.
നേരെമറിച്ച്, കർത്താവ് തൻ്റെ വാക്കുകളിലൂടെയും മാതൃകയിലൂടെയും അധികാരത്തെ സംബന്ധിച്ച് വളരെ വ്യത്യസ്തമായ കാര്യങ്ങളാണ് പഠിപ്പിച്ചത്. ത്യാഗത്തിന്റെയും എളിമയുടെയും സേവനമാതൃകയാണ് അവിടുന്ന് കാട്ടിത്തന്നത്. മാതാപിതാക്കന്മാരുടെതുപോലുള്ള ആർദ്രതയാണ് ആവശ്യക്കാരുടെ നേരെ അവിടുത്തേക്ക് ഉണ്ടായിരുന്നത്. മറ്റുള്ളവരെ ഉയർത്താനും അവർക്ക് പ്രത്യാശയും സഹായവും നൽകാനുമാണ് അധികാര സ്ഥാനത്തുള്ളവരെ അവിടുന്ന് ക്ഷണിക്കുന്നത്.
ആത്മശോധനയ്ക്കുള്ള ചോദ്യങ്ങൾ
വിശ്വാസികൾ ഓരോരുത്തരും സ്വയം ചോദിക്കാനായി ഏതാനും ചോദ്യങ്ങളും പരിശുദ്ധ പിതാവ് മുന്നോട്ടുവച്ചു. എന്റെ ഉത്തരവാദിത്തങ്ങൾ ഞാൻ എപ്രകാരമാണ് നിറവേറ്റുന്നത്? വിനയത്തോടെയാണോ അതോ, സ്ഥാനമാനങ്ങളിലുള്ള അഹംഭാവത്തോടെയാണോ? മാന്യതയോടും ആദരവോടും കൂടിയാണോ ഞാൻ മറ്റുള്ളവരോട് പെരുമാറുന്നത്? അതോ, പരുഷമായും പ്രമാണിയെപ്പോലെയുമാണോ? കൂടുതൽ ബലഹീനരായവരെ, അവരുടെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുംവിധം ഞാൻ അവർക്ക് സമീപസ്ഥനാണോ?
നമ്മുടെ ഉള്ളിലെ കാപട്യത്തിന്റെ പ്രലോഭനങ്ങളെ ചെറുക്കാനും മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയല്ലാതെ നന്മ ചെയ്യാനും കൂടുതൽ ലാളിത്യത്തോടെ പ്രവർത്തിക്കാനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥസഹായം യാചിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.