ക്രമസമാധാനം കൈവിടുന്നു; മണിപ്പൂരില്‍ ആറ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഫ്‌സ്പ

ക്രമസമാധാനം കൈവിടുന്നു;  മണിപ്പൂരില്‍  ആറ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഫ്‌സ്പ

ഇംഫാല്‍: ക്രമസമാധാനം കൈവിട്ടു പോകുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ അഞ്ച് ജില്ലകളിലെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അഫ്‌സ്പ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം അക്രമം ഉടലെടുത്ത ജിരിബാമില്‍ ഉള്‍പ്പടെയാണ് അഫ്‌സ്പ ഏര്‍പ്പെടുത്തിയത്.

ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സെക്മായി, ലംസാങ്, ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ലാംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്പോക്പിയിലെ ലെയ്മഖോങ്, ബിഷ്ണുപൂരിലെ മൊയ്റാങ് എന്നിവിടങ്ങളിലാണ് അഫ്സ്പ ഏര്‍പ്പെടുത്തിയത്.

അക്രമം വര്‍ധിക്കുന്ന ജിരിബാമില്‍ 2500 അധിക സൈനികരെ വിന്യസിക്കും. കഴിഞ്ഞ ദിവസമാണ് ജിരിബാമില്‍ സിആര്‍പിഎഫ് 11 കുക്കികളെ ഏറ്റുമുട്ടലില്‍ വധിച്ചത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഈ മാസം മാത്രം 13 മരണങ്ങളാണ് മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജിരിബാമില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ജിരിബാമില്‍ ചുട്ടുകൊന്ന സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു.

തലയോട്ടിയും എല്ലുകളും പൊട്ടിയതായും ഗുരുതരമായ എട്ട് മുറിവുകള്‍ ശരീരത്തിലുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 99 ശതമാനം പൊള്ളലേറ്റതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.