ന്യൂഡല്‍ഹി: വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പ്പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്ത് കേരളത്തിന് കൈമാറിയത് ഉപതിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തു നിന്ന ശേഷം.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ ഇമെയില്‍ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന് ലഭിക്കുന്നത് ഇന്നലെയാണ്.
എന്നാല്‍ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയതി നവംബര്‍ പത്താണ്. ഇതോടെ വയനാട് ഉപതിരഞ്ഞെടുപ്പ് പോളിങ് കഴിയുന്നത് വരെ കത്ത് പുറത്തു വിടുന്നത് കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്ന ആരോപണം ശക്തമായി.
ജൂലൈയില്‍ നടന്ന ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. കേരളത്തിലെത്തിയ പ്രധാനന്ത്രി നരേന്ദ്ര മോഡിയോടും കേന്ദ്ര സംഘത്തോടും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് നല്‍കിയിട്ട് മൂന്നു മാസത്തോളം പിന്നിട്ടിരുന്നു. കൃത്യമായ കാരണമെന്നും ചൂണ്ടിക്കാട്ടാതെയാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കത്തില്‍ പറയുന്നതെന്ന് കെ.വി തോമസ് വ്യക്തമാക്കുന്നു. കേരളത്തെ അവഗണിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന വിമര്‍ശനവും കെ.വി തോമസ് ഉയര്‍ത്തുന്നു.
കത്തില്‍ നവംബര്‍ പത്തിന് കേന്ദ്ര സഹമന്ത്രി ഒപ്പിട്ടിട്ടും അത് ഇ-മെയില്‍ ചെയ്യാന്‍ പതിനാലാം തിയതി വരെ കാത്തിരുന്നത് ഉപതിരഞ്ഞെടുപ്പകള്‍ കാരണമാണെന്നാതാണ് പ്രധാന വിമര്‍ശനം. വയനാട്ടിലെ ദുരിത ബാധിതരുള്‍പ്പെടെ വോട്ട് ചെയ്ത ഉപതിരഞ്ഞെടുപ്പ് വോട്ടിങ് കഴിഞ്ഞ പിറ്റേ ദിവസമാണ് കത്ത് കേരള സര്‍ക്കാരിലേക്കെത്തുന്നത്.
പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായി വന്നതോടെയാണ് ഒരു സഹായവും നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയതെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനം. ലോക രാജ്യങ്ങളുള്‍പ്പടെ ഞെട്ടല്‍ രേഖപ്പെടുത്തിയ ഈ ദുരന്തത്തെ അവഗണിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി ഒ.ആര്‍ കേളു പ്രതികരിച്ചു.
ഇതിനെ രാഷ്ട്രീയപരമായും നിയമപരമായുമെല്ലാം എങ്ങനെ നേരിടാമെന്നാണ് സംസ്ഥാനം ആലോചിക്കുന്നത്. പാര്‍ലമെന്റില്‍ ഈ വിഷയം സജീവമായി ഉന്നയിക്കാനാണ് കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ ധാരണ. ദേശീയ ദുരന്തം തീരുമാനിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചട്ടക്കൂടുകള്‍ മനുഷ്യത്വ വിരുദ്ധമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് ചെറിയ ദുരന്തങ്ങള്‍ക്ക് പോലും കോടികള്‍ നല്‍കുമ്പോള്‍ വയനാടിനെ അവഗണിക്കുന്നതില്‍ ബിജെപിക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും ആക്ഷേപമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.