വിവാഹ ക്ഷണക്കത്തായും സൈബര്‍ തട്ടിപ്പ്; പരിചയമില്ലാത്ത നമ്പറില്‍ നിന്ന് അത്തരം ഫയല്‍ വാട്സ്ആപ്പില്‍ വന്നാല്‍ തുറക്കരുതെന്ന് മുന്നറിയിപ്പ്

വിവാഹ ക്ഷണക്കത്തായും സൈബര്‍ തട്ടിപ്പ്; പരിചയമില്ലാത്ത നമ്പറില്‍ നിന്ന് അത്തരം ഫയല്‍ വാട്സ്ആപ്പില്‍ വന്നാല്‍ തുറക്കരുതെന്ന് മുന്നറിയിപ്പ്

ഷിംല: വിവാഹ ക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പുമായി സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഒരു തട്ടിപ്പിന്റെ രീതി ആളുകള്‍ മനസിലാക്കിയാല്‍ പുതിയ തന്ത്രം മെനയുകയാണ് സൈബറിടങ്ങളിലെ കൊള്ളക്കാര്‍.

ഇത്തരമൊരു തട്ടിപ്പിന്റെ കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വാട്സ്ആപ്പില്‍ വിവാഹ ക്ഷണക്കത്തുകളുടെ രൂപത്തിലാണ് തട്ടിപ്പുമായി സൈബര്‍ സംഘം രംഗ പ്രവേശം ചെയ്യുന്നത്. വാട്സ്ആപ്പ് വഴി വിവാഹ ക്ഷണക്കത്തുകള്‍ അയക്കുന്നത് ഇപ്പോള്‍ പതിവാണ്. ഇതിന്റെ ചുവടു പിടിച്ചാണ് തട്ടിപ്പ് സംഘങ്ങളുടെ നീക്കം.

ഇത് തിരിച്ചറിഞ്ഞ ഹിമാചല്‍പ്രദേശ് പൊലീസ് വിവാഹ ക്ഷണക്കത്തുകളുടെ പേരിലുള്ള തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മൊബൈല്‍ ഫോണുകള്‍ക്ക് അപകടകരമായ എപികെ ഫയലുകള്‍ വെഡിങ്് കാര്‍ഡ് എന്ന പേരില്‍ അയക്കുന്നതാണ് ഈ ന്യൂജന്‍ തട്ടിപ്പിന്റെ രീതി.

പരിചയമില്ലാത്ത നമ്പറില്‍ നിന്നാണ് സന്ദേശം വരുന്നതെങ്കിലും വിവാഹ ക്ഷണക്കത്ത് ആണല്ലോ എന്ന് കരുതി ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ആളുകള്‍ അപകടത്തിലാകും. ഫോണില്‍ പ്രവേശിക്കുന്ന മാല്‍വെയര്‍ ഫോണിലെ വിവരങ്ങളിലേക്കെല്ലാം നുഴഞ്ഞു കയറും.

ഫോണിനെ മറ്റൊരു ഡിവൈസ് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ തട്ടിപ്പ് സംഘത്തിന് ഇതുവഴിയാകും. നാം പോലുമറിയാതെ നമ്മുടെ പേരില്‍ മെസേജുകള്‍ മറ്റുള്ളവര്‍ക്ക് അയക്കാനും പണം തട്ടാനുമെല്ലാം ഇതുവഴി തട്ടിപ്പ് സംഘത്തിന് കഴിയും.

വാട്സ്ആപ്പ് വഴി ഇത്തരം തട്ടിപ്പുകള്‍ വര്‍ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഹിമാചല്‍പ്രദേശ് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്. പരിചയമില്ലാത്ത നമ്പറില്‍ നിന്ന് മെസേജുകള്‍ വരുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അറ്റാച്ച്മെന്റുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ഹിമാചല്‍ പൊലീസ് അഭ്യര്‍ഥിച്ചു.

പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വരുന്ന എപികെ ഫയലുകള്‍ ഒരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.