അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. പോര്‍ബന്തര്‍ തീരത്ത് നിന്നും 700 കിലോ സൈക്കോട്രോപിക് ഡ്രഗ് ആയ മെത്താം ഫെറ്റാമൈന്‍ ആണ് ഗുജറാത്ത് ആന്റി ടെററിസം സ്‌ക്വാഡും നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ പിടികൂടിയത്. ഇതിന് ഏകദേശം 1700 കോടി രൂപ വില വരും.
സംഭവത്തില്‍ ബോട്ടില്‍ ഉണ്ടായിരുന്ന തിരിച്ചറിയില്‍ രേഖകള്‍ ഇല്ലാത്ത എട്ട് വിദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ഇറാന്‍ പൗരന്മാരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
രജിസ്റ്റര്‍ ചെയ്യാത്ത, എഐഎസ് ഘടിപ്പിച്ചിട്ടില്ലാത്ത ബോട്ട് മാരക മയക്കു മരുന്നുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടക്കുമെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നതായി എന്‍സിബി ഓപ്പറേഷന്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ് പറഞ്ഞു.
ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നാവികസേന കപ്പല്‍ തിരിച്ചറിയുകയും തടയുകയും അതില്‍ നിന്ന് വന്‍തോതിലുള്ള മയക്കു മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. വിദേശ മയക്കു മരുന്ന് നിയമ നിര്‍വ്വഹണ ഏജന്‍സികളില്‍ നിന്ന് സഹായം തേടിക്കൊണ്ട് മയക്കു മരുന്ന് സിന്‍ഡിക്കേറ്റിന്റെ ബന്ധങ്ങളെക്കുറിച്ച് അറിയാന്‍ അന്വേഷണം നടക്കുകയാണെന്നും സിങ് പറഞ്ഞു.
കടലിലൂടെയുള്ള നിരോധിത മയക്കുമരുന്ന് കടത്തല്‍ മൂലം ഉണ്ടാകുന്ന ദേശീയ സുരക്ഷാ പ്രശ്ങ്ങളെ പ്രതിരോധിക്കാന്‍ എന്‍സിബി ഓപ്പറേഷന്‍സ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഗുജറാത്ത് പോലീസ് എന്നിവയുടെ ഓപ്പറേഷന്‍സ്/ഇന്റലിജന്‍സ് വിങ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 'ഓപ്പറേഷന്‍ സാഗര്‍ മന്തന്‍' എന്ന പേരില്‍ ഈ വര്‍ഷം ആദ്യം പ്രത്യേക തിരച്ചില്‍ ആരംഭിച്ചിരുന്നു.
ഇന്ത്യന്‍ നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഏകോപനത്തോടെ എന്‍സിബി നടത്തിവരുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ ഏകദേശം 3400 കിലോഗ്രാം നാര്‍ക്കോട്ടിക് മരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ മൂന്ന് കേസുകളിലായി 11 ഇറാന്‍ പൗരന്മാരും 14 പാകിസ്ഥാന്‍ പൗരന്മാരും അറസ്റ്റിലായിട്ടുണ്ട്. എല്ലാവരും വിചാരണ കാത്ത് ജയിലിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.