പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട് തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായത്. കോണ്‍ഗ്രസ് നേതാക്കള്‍ അണിനിരന്ന വേദിയില്‍വച്ച് കെ. സുധാകരന്‍ സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവില്‍ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് അനുമതി നല്‍കിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്. ബിജെപി വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്. ബിജെപി ഏകാധിപത്യ പ്രവണതയുള്ള സംഘടനയെന്നും ബിജെപിയില്‍ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും സന്ദീപ് വ്യക്തമാക്കി. ബിജെപി വിടാന്‍ കാരണം സുരേന്ദ്രനും സംഘവുമാണ്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്നും ബിജെപി വിലക്കി. താന്‍ ബിജെപിയില്‍ നേരിട്ടത് ഒറ്റപ്പെടലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
ഇനിമുതല്‍ താന്‍ കോണ്‍ഗ്രസിന്റെ സ്‌നേഹത്തിന്റെ കടയില്‍ തുടരും. കോണ്‍ഗ്രസിന്റെ ആശയമെന്നത് ഇന്ത്യയുടെ ആശയമാണെന്നും സന്ദീപ് വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യര്‍ കടുത്ത പ്രതിസന്ധിയാണ് ബിജെപിക്കുണ്ടാക്കിയത്.
പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതല്‍ ചൊടിപ്പിച്ചത്. നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കമുള്ള ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രന്‍ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാന്‍ മുന്‍കൈയ്യെടുത്തത്.
നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. അനൗപചാരിക ചര്‍ച്ചകള്‍ സിപിഎം നടത്തിയിട്ടുണ്ടെങ്കിലും ഒടുവില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്ദീപ് തീരുമാനിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.