മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍ ഇടത്, വലത് മുന്നണികള്‍ക്ക് വീഴ്ച്ച പറ്റി; നീതി ലഭ്യമാക്കാന്‍ ഇനിയും വൈകരുത്: മാര്‍ പാംപ്ലാനി

മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍ ഇടത്, വലത് മുന്നണികള്‍ക്ക് വീഴ്ച്ച പറ്റി; നീതി ലഭ്യമാക്കാന്‍ ഇനിയും വൈകരുത്: മാര്‍ പാംപ്ലാനി

തലശേരി: മുനമ്പത്തെ വഖഫ് ഭൂമി വിഷയം ബിജെപി മുതലെടുക്കാന്‍ ഉപയോഗിക്കുന്നുവെന്ന് ആക്ഷേപിക്കുന്ന ഇടത്, വലത് മുന്നണികള്‍ക്ക് പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.

ഒരു ജനതയുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരമാണ് നടക്കുന്നത്. മുനമ്പം സമരത്തെ വര്‍ഗീയതയുടെ കണ്ണുകളോടെ കാണാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രസ്താവന ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന മന്ത്രി അബ്ദുറഹ്്മാനില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ലന്നും അദേഹം പറഞ്ഞു.

സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇനിയും വൈകരുത്. നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്. ഒരു ജനത റവന്യൂ അവകാശങ്ങള്‍ക്ക് വേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യ സമൂഹത്തില്‍ സങ്കടകരമാണ്. മുനമ്പം സമരത്തെ നിര്‍വീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുത്.

മുനമ്പം ജനത ഉയര്‍ത്തിയ വിഷയം ഇവിടത്തെ ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ല. ഈ പോരാട്ടം കേരള ചരിത്രത്തിലെ നിര്‍ണായകമായ അധ്യായമാണ്. മുനമ്പം ജനതയ്ക്ക് നീതി നടപ്പാക്കിക്കൊടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളുണ്ടെങ്കില്‍ അതില്‍ വോട്ടു ബാങ്ക് രാഷ്ട്രീയമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.

റിലേ നിരാഹാര സമരത്തിന്റെ 32-ാം ദിനമായ ഇന്നലെ പ്രദേശ വാസികളായ ലിസി ആന്റണി, മീനാകുമാരി രാജേഷ്, സോഫി വിന്‍സന്റ്, ഷാലറ്റ് അലക്സാണ്ടര്‍, ജെയിംസ് ആന്റണി, കുഞ്ഞുമോന്‍ ആന്റണി എന്നിവര്‍ നിരാഹാരമിരുന്നു.

കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, മുന്‍ മന്ത്രിമാരായ ഡൊമിനിക് പ്രസന്റേഷന്‍, കെ.പി. രാജേന്ദ്രന്‍, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.