ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. എറണാകുളം കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് സെല്‍വന്‍ കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു പറഞ്ഞു.
പ്രതിയുടെ നെഞ്ചില്‍ പച്ച കുത്തിയതാണ് ആളെ തിരിച്ചറിയാന്‍ നിര്‍ണായകമായത്. പാലായില്‍ സമാനമായ രീതിയില്‍ മോഷണം നടന്നതും അന്വേഷിച്ചു. അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ രഹസ്യമായി തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീട്ടിലെ ഇരകള്‍ രാത്രിയായതിനാല്‍ മുഖം കണ്ടിരുന്നില്ല.
കുറുവാ സംഘത്തില്‍ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടന്നൂരില്‍ നിന്നും ചില സ്വര്‍ണ ഉരുപ്പടികള്‍ കിട്ടി. ഇവ പൂര്‍ണ രൂപത്തിലല്ല, കഷണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചത്. സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തില്‍ വ്യക്തത വരാനുണ്ട്. സന്തോഷിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.
പിടിയിലായ സന്തോഷിന്റെ പേരില്‍ ചങ്ങനാശേരി, പാലാ, ചിങ്ങവനം സ്റ്റേഷനുകളിലായി നാല് കേസുകളുണ്ടെന്നും തമിഴ്‌നാട്ടില്‍ നിന്നാണ് നേരത്തെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. മൂന്ന് മാസം ജയിലില്‍ കിടന്നതാണ്. കഴിഞ്ഞ മൂന്ന് മാസമായി പാലാ സ്റ്റേഷനില്‍ എത്തി ഒപ്പിട്ടുകൊണ്ടിക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിച്ചു.
ആലപ്പുഴ മണ്ണഞ്ചേരിയിലും കോമളപുരത്തും കവര്‍ച്ച നടത്തിയതും സന്തോഷ് സെല്‍വവും മണികണ്ഠനും അടങ്ങുന്ന സംഘമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകുന്നേരം കുണ്ടന്നൂര്‍ പാലത്തിനടിയില്‍ വെച്ചാണ് തമിഴ്‌നാട് സ്വദേശികളായ സന്തോഷിനെയും മണികണ്ഠനെയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട സന്തോഷ് സെല്‍വത്തെ നാല് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ചതുപ്പില്‍ നിന്നാണ് സാഹസികമായി പിടികൂടിയത്.
ആലപ്പുഴ കവര്‍ച്ചാ കേസില്‍ പിടിയിലായവരുടെ കുടുംബം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പിടികൂടിയവര്‍ നിരപരാധികളാണെന്നും പൊലീസ് കുടുക്കിയതാണെന്നും ആരോപിച്ചിരുന്നു. പ്ലാസ്റ്റിക് കുപ്പി പെറുക്കി വില്‍ക്കുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്. പൊലീസ് അകാരണമായി പിടിച്ച് കൊണ്ട് പോയതാണെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ പൊലീസ് തളളി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.