ചലച്ചിത്ര മേളയില്‍ സലിം കുമാറിന് പിന്നാലെ ഷാജി എം. കരുണിനേയും ഒഴിവാക്കിയതായി ആക്ഷേപം

ചലച്ചിത്ര മേളയില്‍ സലിം കുമാറിന് പിന്നാലെ  ഷാജി എം. കരുണിനേയും ഒഴിവാക്കിയതായി ആക്ഷേപം

കൊച്ചി: രണ്ട് പതിറ്റാണ്ടിന് ശേഷം കൊച്ചിയിലെത്തിയ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ തുടക്കത്തില്‍ തന്നെ ഒന്നിപു പുറകേ മറ്റൊന്നായി വിവാദങ്ങല്‍. ഉദ്ഘാടന വേദിയില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയെന്ന ആക്ഷേപത്തിന് പിന്നാലെ പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനുമായാ ഷാജി എന്‍ കരുണിനെ ക്ഷണിച്ചില്ലെന്ന ആരോപണം മേളയുടെ തുടക്കത്തിലുണ്ടായ കല്ലുകടിയായി.

എന്നാല്‍ വേദിയില്‍ അവഗണിച്ചെന്ന ഷാജി എന്‍ കരുണിന്റെ വാദം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ നിരസിച്ചു. സംസ്ഥാന സിനിമാ അവാര്‍ഡിന്റെ ചടങ്ങിനും ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചടങ്ങിനും നേരിട്ടു പോയി അദ്ദേഹത്തെ ക്ഷണിച്ചതാണന്ന് കമല്‍ പറഞ്ഞു. സംസ്ഥാന അവാര്‍ഡ് ദാന ദിവസം അദ്ദേഹം തനിക്ക് വ്യക്തിപരമായി ഒരു മെയില്‍ അയച്ചിരുന്നു. അതില്‍ ചലച്ചിത്ര അക്കാദമിയിലെ ചിലരുമായി അഭിപ്രായ വ്യത്യാസമുണ്ടന്നും അതിനാല്‍ ചലച്ചിത്ര അക്കാദമിയിലെ പരിപാടിയില്‍ പങ്കെടുക്കില്ല എന്നും സൂചിപ്പിച്ചിരുന്നു.

ഇതിന് ശേഷം ഐഎഫ്എഫ്കെ ഇത് ഇരുപത്തഞ്ചാം വര്‍ഷമാണെന്നും ഇതില്‍ എങ്കിലും പങ്കെടുക്കണമെന്നും ഷാജി എന്‍ കരുണിനോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഓര്‍മ്മപ്പിശകാണെങ്കില്‍ തനിക്ക് ഒന്നും പറയാനില്ലന്നും കമല്‍ പറഞ്ഞു.

സലിം കുമാറുമായി ഇന്നലെയും അരമണിക്കൂറോളം സംസാരിച്ചിരുന്നു. സലിംകുമാര്‍ വീണ്ടും വിവാദത്തില്‍ ഉറച്ചുനില്‍ക്കുന്നത് എന്തെങ്കിലും രാഷ്ട്രീയ ഉദ്ദേശമുള്ളതുകൊണ്ടാകും. ഒരിക്കലും അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ല. ഇവിടുത്തെ സംഘാടക സമിതിയാണ് ക്ഷണിച്ചത്. തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിട്ടില്ല. കൊച്ചിയില്‍ നടക്കുന്ന മേളയ്ക്ക് കൊച്ചിയില്‍ സംഘാടക സമിതിയുണ്ട്. ഇവിടുത്തെ ചലച്ചിത്ര പ്രവര്‍ത്തകരും സലിംകുമാരിന്റെ സുഹൃത്തുക്കളുമൊക്കെ തന്നെയാണ് പേരുകളൊക്കെ തയ്യാറാക്കിയത്. അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും വളരെ മോശമായാണ് പ്രതികരിച്ചതെന്നും ഇവിടുത്തെ സംഘാടകസമിതിയിലുണ്ടായിരുന്നവര്‍ പറഞ്ഞതായും കമല്‍ വ്യക്തമാക്കി.

എന്നാല്‍ ഐഎഫ്എഫ്കെയില്‍ നിന്ന് ഒഴിവാക്കിയത് പ്രായക്കൂടുതല്‍ കൊണ്ടല്ലെന്നും കോണ്‍ഗ്രസുകാരനായതുകൊണ്ടാണെന്നും നടന്‍ സലീം കുമാര്‍ പറഞ്ഞു. അവിടെ നടക്കുന്നത് ഒരു സിപിഎം മേളയാണ്. എനിക്ക് 90 വയസൊന്നുമായിട്ടില്ല. ആഷിഖ് അബുവും അമല്‍ നീരദും ഞാനുമെല്ലാം ഒരേസമയം കോളജില്‍ പഠിച്ചവരാണ്. അവരെക്കാള്‍ രണ്ട് മൂന്നു വയസ് എനിക്ക് കൂടുതല്‍ കാണും. ഞാന്‍ കാരണം തിരക്കിയപ്പോള്‍ പ്രായമുള്ളവരെ ഒഴിവാക്കുന്നു എന്നാണ് പറഞ്ഞത്. സോഹന്‍ സീനുലാലിനെ വിളിച്ച് ചോദിച്ചപ്പോഴാണ് ഈ മറുപടി കിട്ടിയത്.

പ്രായക്കൂടുതല്‍ കൊണ്ട് ഒഴിവാക്കുന്നു എന്ന ന്യായം പറയുന്നത് എന്തിനാണ്. കോണ്‍ഗ്രസുകാരനായത് കൊണ്ട് ഒഴിവാക്കുന്നു എന്ന് പച്ചയ്ക്ക് പറഞ്ഞു കൂടെയെന്നും സലിം കുമാര്‍ ചോദിച്ചു. എറണാകുളം ജില്ലയിലെ അക്കാദമി അവാര്‍ഡ് ജേതാക്കളായ 25 പേര്‍ ചേര്‍ന്ന് ചടങ്ങില്‍ തിരി തെളിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ മൂന്ന് അക്കാദമി അവാര്‍ഡുകളും ടെലിവിഷന്‍ അവാര്‍ഡും കേന്ദ്ര പുരസ്‌കാരവും നേടിയിട്ടുള്ള സലീംകുമാറിനെ രാഷ്ട്രീയത്തിന്റെ പേരില്‍ ഒഴിവാക്കുകയായിരുന്നു എന്നാണ് ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.