പഞ്ചാബിലെ കര്‍ഷകര്‍ താമര പിഴുതെറിഞ്ഞു; ചരിത്ര നേട്ടവുമായി കോണ്‍ഗ്രസ്

 പഞ്ചാബിലെ കര്‍ഷകര്‍ താമര പിഴുതെറിഞ്ഞു;  ചരിത്ര നേട്ടവുമായി കോണ്‍ഗ്രസ്

അമൃത്സര്‍: കര്‍ഷക രോഷത്തില്‍ പഞ്ചാബില്‍ ബിജെപി അടിതെറ്റി വീണു. 109 മുനിസിപ്പാലിറ്റികളില്‍ 107 ലും കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു. ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചുകഴിഞ്ഞു. ശിരോമണി അകാലിദളാണ് രണ്ടാം സ്ഥാനത്ത്. ഇപ്പോള്‍ എട്ടില്‍ ഏഴ് കോര്‍പ്പറേഷനുകളിലും കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്.

കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം അലയടിക്കുന്ന പഞ്ചാബില്‍ നിയമങ്ങള്‍ പാസാക്കിയ ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പില്‍ ജനരോഷം വ്യക്തമാണ്. എട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ 2302 വാര്‍ഡുകളിലേക്കും, 109 മുന്‍സിപ്പല്‍ കൗണ്‍സില്‍ നഗര്‍ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 71.39 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം  എന്ന്‌ വിലയിരുത്താവുന്ന ഫലങ്ങളാണ് പുറത്തു വരുന്നത്.

ശിരോമണി അകാലിദള്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കര്‍ഷകനിയമങ്ങളുടെ റഫറന്‍ഡമായിരിക്കുമെന്ന് നേരത്തേ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നതുമാണ്. മിക്ക മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും വാര്‍ഡുകളിലും മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസാണ്.

മുന്‍ ബിജെപി മന്ത്രി ത്രിക്ഷന്‍ സൂദിന്റെ ഭാര്യ ഹോഷിയാര്‍പൂരില്‍തോറ്റു. അമൃത്സറില്‍ മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസാണ്. ശിരോമണി അകാലിദള്‍ രണ്ടാം സ്ഥാനത്താണ്. ഫാസില്‍ക, ജാഗ്രാവ്, അബോഹര്‍, മോഗ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നു.

മൊഹാലി കോര്‍പ്പറേഷനിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് നാളേയ്ക്ക് മാറ്റി. അവിടെ ചില വാര്‍ഡുകളില്‍ റീപോളിംഗ് വേണ്ടി വന്നതിനാലാണ് ഫലപ്രഖ്യാപനം മാറ്റിയത്. കര്‍ഷക നിയമങ്ങള്‍ക്കെതിരെ പഞ്ചാബിലെ ജനം വിധിയെഴുതുന്ന തെരഞ്ഞെടുപ്പാകും ഇതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.