മണിപ്പൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി; ജിരിബാമിലെ എട്ട് നേതാക്കള്‍ രാജിവച്ചു: ഭരണകക്ഷി എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

മണിപ്പൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി; ജിരിബാമിലെ എട്ട് നേതാക്കള്‍ രാജിവച്ചു: ഭരണകക്ഷി എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ബീരേന്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച എന്‍പിപി.

ഇംഫാല്‍: മണിപ്പൂരില്‍ കലാപം വീണ്ടും രൂക്ഷമായതോടെ ബിജെപിയില്‍ പൊട്ടിത്തെറി. ജിരിബാമിലെ എട്ട് പ്രധാന നേതാക്കള്‍ രാജിവച്ചു. ബിരേന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധ സൂചകമായാണ് രാജി.

കെ. ജാദു സിങ്, മുതും ഹേമന്ത സിങ്, പി. ബിരമണി സിങ്, മുതും ബ്രോജേന്ദ്രോ സിങ്, ടി. മേഘജിത് സിങ്, എല്‍. ചാവോബ സിങ്, ഉള്‍പ്പെടെ എട്ട് പേരാണ് രാജി വച്ചത്.

അതിനിടെ മണിപ്പൂരിലെ കലാപാന്തരീക്ഷം സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയമെന്ന് ആരോപണമുയരുന്നതിനിടെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ഭരണകക്ഷി എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു. ഇംഫാലില്‍ വൈകുന്നേരം അറ് മണിക്കാണ് യോഗം.

ബിജെപി എംഎല്‍എമാര്‍ക്ക് പുറമെ സഖ്യകക്ഷികളായ എന്‍പിഎഫ്, ജെഡിയു തുടങ്ങിയ പാര്‍ട്ടികളുടെ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും. കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍. ബിരേന്‍ സിങ് നയിക്കുന്ന സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് സഖ്യകക്ഷി എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

കലാപം കത്തി നില്‍ക്കുന്നതിനിടെ സഖ്യകക്ഷികളിലൊന്ന് പിന്തുണ പിന്‍വലിച്ചത് ബിരേന്‍ സിങ് സര്‍ക്കാരിന് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ്. കലാപം അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം. ഏഴ് അംഗങ്ങളുടെ പിന്തുണയാണ് എന്‍പിപി പിന്‍മാറിയതോടെ സര്‍ക്കാരിന് നഷ്ടമായത്. ബീരേന്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്നും എന്‍പിപി ഇന്ന് ആവശ്യപ്പെട്ടു.

60 അംഗ നിയമസഭയില്‍ 37 സീറ്റുകളുള്ള ബിജെപിക്ക് ഇപ്പോള്‍ ഭീഷണിയല്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അത്ര ഗുണകരമല്ല. കൂടുതല്‍ സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിക്കുമോ എന്ന പേടിയും മുഖ്യമന്ത്രി ബിരേന്‍ സിങിനുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളില്‍ മൂന്നെണ്ണത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഞായറാഴ്ച മണിപ്പൂരിലെ സാഹചര്യം വിലയിരുത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗവും ചേര്‍ന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേക്ക തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.