എല്‍ഡിഎഫ് പരസ്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഇല്ലാതെ; നിയമ നടപടിക്കൊരുങ്ങി സന്ദീപ് വാര്യര്‍

എല്‍ഡിഎഫ് പരസ്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഇല്ലാതെ; നിയമ നടപടിക്കൊരുങ്ങി സന്ദീപ് വാര്യര്‍

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസമായ ഇന്ന് മുസ്ലീം സമുദായത്തിലെ സുന്നി വിഭാഗങ്ങളുടെ മുഖപത്രങ്ങളായ സിറാജ്, സുപ്രഭാതം എന്നിവയില്‍ എല്‍ഡിഎഫ് പരസ്യം നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ. മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് പരസ്യം നല്‍കിയത്.

ജില്ലാ കളക്ടര്‍ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് കാലത്ത് ഈ രീതിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇടത് മുന്നണി നല്‍കിയ പരസ്യത്തിന് അനുമതി ഇല്ലെന്നാണ് വിവരം.

സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം. എന്നാല്‍, അടുത്തയിടെ ബിജെപിയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്സ് ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പത്രപ്പരസ്യത്തിലുണ്ടായിരുന്നത്.

കശ്മീര്‍ വിഷയത്തില്‍ സന്ദീപിന്റെ പഴയ ഫെയ്സ് ബുക്ക് പോസ്റ്റും ആര്‍.എസ്.എസ് വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ പരസ്യത്തിലുണ്ട്.കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സി.എ.എ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിവധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള സന്ദീപ് വാര്യരുടെ പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

'ഈ വിഷ നാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം' എന്നിങ്ങനെ സന്ദീപിനെതിരായ തലക്കെട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതേതരവാദിയായ സരിനെ പോലെ ഒരാളെ പുറത്താക്കി വര്‍ഗീയതയുടെ കാളകൂട വിഷത്തെ സ്വീകരിച്ചുവെന്നാണ് കോണ്‍ഗ്രസിനെതിരേ പരസ്യത്തില്‍ വിമര്‍ശിക്കുന്നത്.

അതേസമയം, വിഷയത്തില്‍ സന്ദീപ് വാര്യര്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് വിഷയത്തില്‍ തീരുമാനമെടുക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.