കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചു

കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത്  സര്‍ക്കാര്‍ നിര്‍ത്തിവച്ചു

കൊച്ചി: ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തെരുവില്‍ ശക്തമായതോടെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുവരെ സ്ഥിരപ്പെടുത്തിയവരുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ല. സ്ഥിരപ്പെടുത്തല്‍ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാവുക.

സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് വലിയ ഫയല്‍ തന്നെ സര്‍ക്കാരിന് മുന്നിലുണ്ടെന്നാണ് വിവരം. ആരോഗ്യ വകുപ്പിലും വനംവകുപ്പിലും സ്ഥിരപ്പെടുത്തലിനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഇരുന്നൂറില്‍ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. പിന്‍വാതില്‍ നിയമനത്തിനെതിരായി പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തിന് കൈവന്ന വാര്‍ത്താ പ്രാധാന്യവും സമരം ഏറ്റെടുത്ത് പ്രതിപക്ഷം മുതലെടുപ്പ് നടത്തുമെന്ന തിരിച്ചറിവുമാണ് സ്ഥിരപ്പെടുത്തല്‍ നീക്കത്തില്‍നിന്ന് പിന്മാറാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

അതേസമയം വിവിധ വകുപ്പുകളില്‍ പരമാവധി തസ്തികകള്‍ സൃഷ്ടിക്കാനും സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 35 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 151 തസ്തിക സൃഷ്ടിക്കും. ആരോഗ്യവകുപ്പില്‍ 3000, പരിയാരം മെഡിക്കല്‍ കോളേജില്‍ - 772, ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റില്‍ - 1200, ആയുഷ് വകുപ്പില്‍- 300, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ - 728 എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിലെ തസ്തിക സൃഷ്ടിക്കല്‍.

മണ്ണ് സംരക്ഷണ വകുപ്പില്‍ 111 തസ്തിക സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്. പത്ത് വര്‍ഷം തികച്ചവരെ മാത്രമാണ് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതെന്നും ഇത് തീര്‍ത്തും സുതാര്യമായ നടപടിയാണെന്നും സര്‍ക്കാര്‍ മന്ത്രിസഭായോഗത്തില്‍ വിലയിരുത്തി. എന്നാല്‍ മിക്ക വകുപ്പുകളിലേക്കുമുള്ള സ്ഥിരപ്പെടുത്തല്‍ നിയമനങ്ങള്‍ നടന്നുകഴിഞ്ഞുവെന്നാണ് സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളും പ്രതിപക്ഷവും പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.