ഇംഫാല്‍: വീട് തകര്‍ത്ത് ജനക്കൂട്ടം ഒന്നര കോടി രൂപയുടെ ആഭരണങ്ങളും 18 ലക്ഷം രൂപയും കൊള്ളയടിച്ചതായി മണിപ്പൂരിലെ ജെഡിയു എംഎല്‍എ കെ.ജോയ്കിഷന്‍ സിങിന്റെ മാതാവ് പൊലീസില്‍ പരാതി നല്‍കി.
ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവര്‍ക്കായി വെസ്റ്റ് ഇംഫാലിലെ തങ്മൈബന്ദിലുള്ള എംഎല്‍എയുടെ വസതിയില്‍ സൂക്ഷിച്ചിരുന്ന നിരവധി ഭക്ഷ്യവസ്തുക്കളും കൊള്ളയടിച്ചതില്‍പ്പെടുമെന്ന് പൊലീസ് പറഞ്ഞു. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു
നവംബര്‍ 16ന് വൈകുന്നേരം രണ്ട് മണിക്കൂറോളം അഴിഞ്ഞാടിയ ജനക്കൂട്ടം ജോയ്കിഷന്‍ സിങിന്റെ വസതി തകര്‍ത്തു. ആക്രമണം നടത്തുമ്പോള്‍ കുടുംബാംഗങ്ങളില്‍ ഒരാളുടെ ചികിത്സക്കായി എംഎല്‍എ ഡല്‍ഹിയിലായിരുന്നു. ജോയ്കിഷന്റെ വസതിയില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയാണ് താങ്‌മൈബന്ദിലെ ടോംബിസാന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ്.
ജോയ്കിഷന്റെ മേല്‍നോട്ടത്തിലായിരുന്നു ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. ക്യാമ്പിലുള്ളവര്‍ക്ക് കഴിക്കാനുള്ള കിഴങ്ങ്, ഉള്ളി തുടങ്ങിയ പച്ചക്കറികളും തണുപ്പില്‍ ധരിക്കാനുള്ള വസ്ത്രങ്ങളും മറ്റ് വസ്തുക്കളും ഇവിടെ സൂക്ഷിച്ചിരുന്നു. ആ സാധന സാമഗ്രികളെല്ലാം കൊള്ളയടിച്ചെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു.
വീട്ടിലെ ലോക്കറുകള്‍, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടു. ഏഴ് ഗ്യാസ് സിലിണ്ടറുകളും ജനക്കൂട്ടം കൊണ്ടുപോയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.