തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ക്രമവിരുദ്ധ നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥനും ആവശ്യപ്പെട്ടു.
സ്ഥിരപ്പെടുത്തല്‍ നിര്‍ത്തുമെന്ന് പറയുന്നത് കണ്ണില്‍ പൊടിയിടുന്ന നടപടിയാണെന്ന് കെ.എസ് ശബരിനാഥന്‍ പറഞ്ഞു. ഇതുവരെയുള്ള നിയമനങ്ങളെല്ലാം റദ്ദാക്കണം. 1205 ആളുകളെ ഇതിനകം സ്ഥിരപ്പെടുത്തിക്കഴിഞ്ഞു. 1000 ആളുകളെ സ്ഥിരപ്പെടുത്താന്‍ നോക്കിയത് കോടതി തടഞ്ഞതു കൊണ്ടാണ് നടക്കാതെ പോയത്.
കാലാവധി കഴിയുന്ന സര്‍ക്കാരിന്റെ അവസാന ക്യാബിനറ്റില്‍ സ്ഥിരപ്പെടുത്തല്‍ നിര്‍ത്തി എന്നു പറയുന്നത് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ്. ഇതുവരെ സ്ഥിരപ്പെടുത്തിയത് നിയമപരമായി പരിശോധിച്ച് പിന്‍വലിച്ചാല്‍ അന്തസ്സുണ്ട്. സമരവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടു പോകും. ഇതുവരെയുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ പിന്‍വലിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ശബരീനാഥന്‍ പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും മൗനം പാലിക്കുകയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കുന്നതില്‍ ഒരു ധാരണയുമില്ല. ക്രമവിരുദ്ധ നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. അര്‍ഹതയും യോഗ്യതയുമുള്ളവരെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ഈ ഉത്തരവാദിത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
അതിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മന്ത്രിതല ചര്‍ച്ച വേണമെന്ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് അഞ്ചിലൊന്ന് പേരെയെങ്കിലും നിയമിക്കണം. താത്കാലികക്കാരെ ഇനി സ്ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. പുതിയ തസ്തിക സൃഷ്ടിക്കാന്‍ ഇതിലൂടെ വഴിയൊരുക്കണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. താല്‍ക്കാലിക നിയമനങ്ങള്‍ വേണ്ടി വരുമെന്നതില്‍ ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ അവരെ അനന്തമായി നീട്ടിക്കൊണ്ടുപോയി പത്തോ പതിഞ്ചോ വര്‍ഷത്തിനു ശേഷം സ്ഥിരപ്പെടുത്തുന്നതിലാണ് ഞങ്ങള്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയും കാലം നീണ്ടുനില്‍ക്കുന്ന സ്ഥാനങ്ങള്‍ സ്ഥിരം തസ്തികയാക്കി മാറ്റി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ തയ്യാറാവാത്തതെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചോദിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ റെക്കോര്‍ഡ് വിരമിക്കല്‍ ഉണ്ടായെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനത്തില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് അടുത്ത മൂന്ന് മാസത്തിനുള്ളിലും കാര്യമായ നിയമനങ്ങള്‍ പ്രതീക്ഷിക്കാനാവില്ല.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുഭാവ പൂര്‍വമായ നിലപാട് ഉണ്ടാവുമെങ്കില്‍ ആ നിമിഷം സമരം അവസാനിപ്പിച്ചു പോവാന്‍ തയ്യാറാണ്. സമരത്തില്‍ രാഷ്ട്രീയമില്ല, ജീവിത പ്രശ്നം മാത്രമാണ്. സര്‍ക്കാര്‍ വിരുദ്ധ സമരമല്ല ഇത്, തങ്ങളുടെ ആവശ്യം പരിഗണിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള സമരമാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.