പ്രൊഫഷണല്‍ ലീഗുകളുടെ മാതൃകയില്‍ ഹോം ആന്‍ഡ് എവേ മത്സരങ്ങള്‍; രാജ്യത്ത് ആദ്യമായി കോളജ് സ്പോര്‍ട്‌സ് ലീഗുമായി കേരളം

പ്രൊഫഷണല്‍ ലീഗുകളുടെ മാതൃകയില്‍ ഹോം ആന്‍ഡ് എവേ മത്സരങ്ങള്‍; രാജ്യത്ത് ആദ്യമായി കോളജ് സ്പോര്‍ട്‌സ് ലീഗുമായി കേരളം

തിരുവനന്തപുരം: രാജ്യത്തിന് ആദ്യമായി സംസ്ഥാനത്തെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്പോര്‍ട്സ് ലീഗ് തുടങ്ങുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ഇനങ്ങളിലാണ് കോളജ് ലീഗ് സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ കോളജുകളെ നാല് മേഖലകളായി തിരിച്ച് മൂന്ന് മുതല്‍ ആറ് മാസം വരെ നീളുന്ന ലീഗാണ് നടത്തുക. ഇതിന്റെ ഭാഗമായി എല്ലാ കോളജുകളിലും സ്പോര്‍ട്സ് ക്ലബ് തുടങ്ങും. സ്പോര്‍ട്സ് ക്ലബുകളെ ഏകോപിപ്പിക്കാന്‍ ജില്ലാ തല കമ്മിറ്റികള്‍ ഉണ്ടാകും.

കമ്മിറ്റിയില്‍ കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുന്‍ താരങ്ങളുമുണ്ടാകും.

സംസ്ഥാനതല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കായിക മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാന്‍സലര്‍മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണ നിര്‍വഹണ സമിതി.

പ്രൊഫഷണല്‍ ലീഗുകളുടെ മാതൃകയില്‍ ഹോം ആന്‍ഡ് എവേ മത്സരങ്ങളാണ് നടക്കുക. ജില്ലാതല സമിതികളാണ് കോളജ് ലീഗിനുള്ള ടീമുകളെ തെരഞ്ഞെടുക്കുക. ഓരോ മേഖലയില്‍ നിന്നും മുന്നിലെത്തുന്ന നാല് ടീമുകള്‍ സംസ്ഥാന ലീഗില്‍ മത്സരിക്കും.

ഓരോ കായിക ഇനത്തിലും 16 ടീമുകള്‍ സംസ്ഥാനതല മത്സരത്തിനെത്തും. മത്സരങ്ങള്‍ നിരീക്ഷിക്കാന്‍ പ്രൊഫഷണല്‍ ലീഗില്‍ നിന്നുള്ള വിദഗ്ധരും പ്രൊഫഷണല്‍ കളിക്കാരും എത്തും.

മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളജുകളിലെ അടിസ്ഥാന സൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കോളജ് ലീഗിന് തുടക്കമിടുന്നത്. ഭാവിയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തും. സ്പോര്‍ട്‌സ് ക്ലബുകള്‍ക്ക് ഭാവിയില്‍ സ്വന്തം നിലയില്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്.

ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ കോളജുകള്‍ക്ക് വഴിയൊരുക്കും. കോളജ് ലീഗില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് പൊഫഷണല്‍ ലീഗിലേക്കും വഴിയൊരുങ്ങും.

സംസ്ഥാന കായിക മേഖലയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. കായിക മേഖലയില്‍ രണ്ടായിരത്തി നാന്നൂറ് കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കിക്കഴിഞ്ഞു.

ക്യാംപസുകളിലെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കുന്നതിനാണ് ഇനി ഊന്നല്‍. കോളജ് സ്പോര്‍ട്സ് ലീഗ് ആരംഭിക്കുന്നതോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കോളജുകളിലും കായിക അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

അക്കാദമിക പ്രവര്‍ത്തനങ്ങളേയും പരീക്ഷയേയും യാതൊരു വിധത്തിലും ബാധിക്കാത്ത രീതിയിലാണ് കോളജ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

സര്‍വകലാശാലകളിലേയും കോളജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് കായിക മേഖലയില്‍ സജീവമാകാനാകും. സ്പോര്‍ട്സ് മെഡിസിന്‍, സ്പോര്‍ട്സ് എന്‍ജിനിയറിംഗ്, സ്പോര്‍ട്സ് മാനേജിംഗ് രംഗങ്ങളില്‍ മികച്ച സാധ്യതകളാണ് മുന്നിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോളജ് സ്പോര്‍ട്സ് ലീഗിന്റെ ലോഗോ പ്രകാശനം സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ മന്ത്രി വി അബ്ദുറഹിമാനും മന്ത്രി ആര്‍ ബിന്ദുവും ചേര്‍ന്ന് നിര്‍വഹിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.