മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ വിശ്വാസികള്‍ക്ക് ഇത് അഭിമാന നിമിഷം. വിശ്വാസി സമൂഹത്തിന്റെ ചിരകാല സ്വപ്‌നത്തിന് പരിസമാപ്തി കുറിച്ച് മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഭക്തിസാന്ദ്രവും പൈതൃക സമ്പന്നവുമായ ചടങ്ങില്‍ കൂദാശ ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനുമൊടുവിലാണ് ഈ സുദിനത്തില്‍ ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ വിശ്വാസികള്‍ക്കായി ഒരു കത്തീഡ്രല്‍ ദേവാലയം എന്ന സ്വപ്‌ന സാഫല്യമുണ്ടായത്.
പുതുമോടിയോടെ വിളങ്ങി നിന്ന ദേവാലയത്തില്‍ മെല്‍ബണ്‍ സമയം ഇന്നു രാവിലെ ഒന്‍പതിനാണ് കൂദാശ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മെത്രന്മാര്‍, വൈദികര്‍, സന്യസ്തര്‍, രണ്ടായിരത്തിലേറെ വിശ്വാസികള്‍, ഓസ്‌ട്രേലിയയിലെ രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
രാവിലെ 7.30 നു തന്നെ ദേവാലയത്തില്‍ വിശ്വാസികള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുട പിടിച്ച മാതൃവേദി അംഗങ്ങളും വെള്ള ഉടുപ്പുകളിട്ട ബാലികമാരും വിശിഷ്ടാതിഥികളെ എതിരേറ്റു.
സിറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ കത്തീഡ്രല്‍ കവാടത്തിലെ റിബണ്‍ മുറിച്ച് കൂദാശാ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒന്‍പതരയോടെ അള്‍ത്താര സംഘത്തിന്റെ അകമ്പടിയോടെ തിരുവസ്ത്രങ്ങളണിഞ്ഞ മുഖ്യകാര്‍മ്മികനും സഹകാര്‍മ്മികരും ശുശ്രൂഷികളും പ്രദക്ഷിണമായി പ്രധാന കവാടത്തിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു. 40 പേരടങ്ങുന്ന ഗായക സംഘം ആലപിച്ച ഗാനങ്ങള്‍ ദേവാലയ അന്തരീക്ഷത്തെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.
മെല്‍ബണ്‍ രൂപതാധ്യക്ഷനായ മാര്‍. ജോണ്‍ പനന്തോട്ടത്തില്‍ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. തിരുക്കര്‍മങ്ങള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പ്രധാന കാര്‍മികനായി. മാര്‍. ജോണ്‍ പനന്തോട്ടത്തില്‍, മെല്‍ബണ്‍ രൂപതയുടെ ആദ്യ മെത്രാനായിരുന്ന മാര്‍ ബോസ്‌കോ പുത്തൂര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ബൈബിള്‍ പ്രഘോഷണത്തിനും വചന സന്ദേശത്തിനും ശേഷം മുഖ്യകാര്‍മ്മികന്‍ തിരുക്കര്‍മ്മങ്ങളുടെ സര്‍വപ്രധാന കര്‍മ്മമായ ബലിപീഠം കൂദാശ ചെയ്തു. അതിനു ശേഷം ദേവാലയവും ദേവാലയത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങളും ആശീര്‍വദിച്ചു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് വചനസന്ദേശം നല്‍കി. അതിനു ശേഷം കൂദാശയുടെ സുപ്രധാന കര്‍മ്മമായ ബൈബിള്‍ പ്രതിഷ്ഠ ഇടവക വികാരിയായ ഫാ. വര്‍ഗീസ് വാവോലി നിര്‍വഹിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം, കത്തീഡ്രലിന്റെ കൂദാശയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'എക്‌സോഡസ്' (ജേര്‍ണി ഓഫ് ഫെയ്ത്ത്) സുവനീറിന്റെ പ്രകാശനം കത്തീഡ്രലിന്റെ പ്രഥമ ബിഷപ് ബോസ്‌കോ പുത്തൂര്‍ നിര്‍വഹിച്ചു. സുവനീറിന്റെ ആദ്യ കോപ്പി മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കമെന്‍സോളിക്ക് നല്‍കി. 182 പേജുകളുള്ള സുവനീറില്‍ മെല്‍ബണ്‍ സിറോ മലബാര്‍ സമൂഹത്തിന്റെ വളര്‍ച്ചയുടെ ചരിത്രവും ഫ്രാന്‍സിസ് പാപ്പയുടെയും മറ്റു മെത്രാന്‍മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ആശംസകളും മറ്റു പലരുടെയും ചെറു ലേഖനങ്ങളുടെയും സമാഹാരങ്ങളാല്‍ സമ്പന്നമാണ്.
ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക സന്ദേശവും സമ്മാനവും ഉണ്ടായിരുന്നു. തിരുക്കര്‍മ്മങ്ങള്‍ 12.30-ന് സമാപിച്ചു. ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലി നന്ദി പ്രകാശിപ്പിച്ചു.
ഏകദേശം മൂവായിരത്തോളം ആളുകള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു. കൂദാശാ കര്‍മ്മങ്ങളുടെ ഓദ്യോഗിക ടെലികാസ്റ്റ് ശാലോം മീഡിയ ഓസ്‌ട്രേലിയയാണ് നിര്‍വഹിച്ചത്. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം എല്ലാവര്‍ക്കുമായി സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.
തയാറാക്കിയത്:
ഡെന്‍സി ബിജോയ്
ഫോട്ടോ:
ഡെന്നി തോമസ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.