കൊച്ചി: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെയും, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഫലം പുറത്തു വന്നു. വയനാടും പാലക്കാടും യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കര എല്‍ഡിഎഫും നിലനിര്‍ത്തി. ബിജെപിക്ക് വോട്ടു വിഹിതത്തില്‍ വയനാട്ടിലും പാലക്കാട്ടും തിരിച്ചടി നേരിട്ടപ്പോള്‍ ചേലക്കരയില്‍ നില മെച്ചപ്പെടുത്തി.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് കഴിഞ്ഞ തവണത്തേക്കാള്‍ ഏതാണ്ട് പത്ത് ശതമാനം കുറഞ്ഞിട്ടും പ്രിയങ്ക ഗാന്ധിക്ക് 4,10,931 വോട്ടിന്റെ വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നേടിയത് 3,64,422 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ് ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി റായ് ബറേലി നിലനിര്‍ത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അടിച്ചേല്‍പ്പിച്ചതാണെന്നും അതിനാല്‍ വോട്ടര്‍മാര്‍ വലിയ താല്‍പര്യം കാണിക്കാതിരുന്നതിനാലാണ് പോളിങ് കുറഞ്ഞതെന്നും അത് പ്രിയങ്കയുടെ ഭൂരിപക്ഷം കുറയ്ക്കുമെന്നുമായിരുന്നു ഇടത്, ബിജെപി കേന്ദ്രങ്ങളുടെ ഭാഷ്യം. എന്നാല്‍ എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറഞ്ഞതെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
ആകെ പോള്‍ ചെയ്തതില്‍ 6,12,020 വോട്ടാണ് പ്രിയങ്ക ഗാന്ധി നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ സത്യന്‍ മൊകേരിക്ക് 2,074,01 വോട്ടും ബിജെപിയിലെ നവ്യ ഹരിദാസ് 1,08,080 വോട്ടുമാണ് നേടാനായത്.
അറുപത്തിയഞ്ചിലേറെ ശതമാനം വോട്ട് സ്വന്തമാക്കി തിളങ്ങുന്ന ജയമാണ് പ്രിയങ്ക വയനാട്ടില്‍ സ്വന്തമാക്കിയത്. സത്യന്‍ മൊകേരി 22.04 ശതമാനം വോട്ട് നേടിയപ്പോള്‍ നവ്യ ഹരിദാസിന് ലഭിച്ചത് 11.48 ശതമാനം വോട്ടാണ്.
കഴിഞ്ഞ തവണ ഇടത്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടിനൊപ്പമെത്താന്‍ സത്യന്‍ മൊകേരിക്കും നവ്യ ഹരിദാസിനും ആയില്ല. രാഹുലിനെതിരെ മത്സരിച്ച സിപിഐയിലെ ആനി രാജ 2,83,023 വോട്ട് നേടിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന് 1,41,045 വോട്ടാണ് ലഭിച്ചത്. ആനി രാജയേക്കാള്‍ 75,622 വോട്ട് സത്യന്‍ മൊകേരിക്ക് കുറഞ്ഞു. നവ്യ ഹരിദാസിന് കെ.സുരേന്ദ്രനേക്കാള്‍ 32,965 വോട്ടും കുറഞ്ഞു.
ഉപതിരഞ്ഞടുപ്പിന്റെ പ്രഖ്യാപനം മുതല്‍ വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞു നിന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചരിത്ര വിജയം. 2016 ലെ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷവും രാഹുല്‍ മറികടന്നു.
ആകെ പോള്‍ ചെയ്തതിന്റെ 42.27 ശതമാനം വോട്ടുകളും രാഹുല്‍ മാങ്കൂട്ടത്തില്‍ നേടി. 58,389 വോട്ടുകളാണ് രാഹുല്‍ ആകെ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ 39,549 വോട്ട് നേടി. പോള്‍ ചെയ്തതിന്റെ 28.63 ശതമാനം. മൂന്നാം സ്ഥാനത്തെത്തിയ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍ 37293 വോട്ടുകള്‍ നേടി. പോള്‍ ചെയ്തതിന്റെ 27 ശതമാനം.
പാലക്കാടന്‍ അങ്കത്തില്‍ ഇത്തവണ നഷ്ടം സംഭവിച്ചത് ബിജെപിക്കാണ്. നേമത്തിന് ശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് വഴി നിയമസഭയില്‍ രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്ന മോഹം പൊലിഞ്ഞെന്നു മാത്രമല്ല രാഹുലിന്റെ ചരിത്ര വിജയത്തില്‍ ബിജെപി വോട്ടുകള്‍ ചോരുകയും ചെയ്തു.
കാവിക്കോട്ടയായ പാലക്കാട് നഗരസഭയില്‍ സി.കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെപ്പെട്ടത് ബിജെപി കേന്ദ്രങ്ങളെയും ഞെട്ടിച്ചു. പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം പിടിച്ചെടുക്കുന്നതിന് നിര്‍ണായക പങ്ക് വഹിച്ച സി.കൃഷ്ണകുമാറിന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ നഗരത്തില്‍ നിന്ന് ലഭിച്ച വോട്ടുകള്‍ പോലും ഇത്തവണ നേടാനായില്ല.
നഷ്ടപ്പെട്ട വോട്ടുകളില്‍ നല്ലെരു പങ്ക് രാഹുല്‍ മാങ്കൂട്ടത്തിലും ബാക്കിയുള്ളത് പി. സരിനും ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് തന്നെ ആണെങ്കിലും സരിനിലൂടെ നില മെച്ചപ്പെടുത്താന്‍ അവര്‍ക്കായി എന്നതും ശ്രദ്ധേയം.
ചേലക്കരയില്‍ 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപ് വിജയിച്ചെങ്കിലും 2021 ല്‍ കെ. രാധാകൃഷ്ണന്‍ നേടിയ ഭൂരിപക്ഷത്തിന്റെ പകുതി പോലും നേടാന്‍ ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥിക്ക് സാധിച്ചില്ല. രാധാകൃഷ്ണന് കഴിഞ്ഞ പ്രാവശ്യം 39,400 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
ആകെ പോള്‍ ചെയ്തതില്‍ 64,259 വോട്ടുകളാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 52,626 വോട്ടുകളും ബിജെപിയുടെ കെ. ബാലകൃഷ്ണന് 33,609 വോട്ടുകളും ലഭിച്ചു. വയനാട്ടിലും പാലക്കാട്ടും തിരിച്ചടി നേരിട്ടെങ്കിലും 2021 നെ അപേക്ഷിച്ച് ബിജെപി ചേലക്കരയില്‍ സ്ഥിതി മെച്ചപ്പെടുത്തി. 2021 ലെ 15.69 ശതമാനത്തില്‍ നിന്ന് അവരുടെ വോട്ട് വിഹിതം 21.49 ശതമാനമായി വര്‍ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.