സംഘപരിവാര്‍ വേരോട്ടമുള്ള പാലക്കാട്ടെ തോല്‍വിയും വോട്ട് ചോര്‍ച്ചയും: സുരേന്ദ്രന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും

സംഘപരിവാര്‍ വേരോട്ടമുള്ള പാലക്കാട്ടെ തോല്‍വിയും വോട്ട് ചോര്‍ച്ചയും: സുരേന്ദ്രന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും

കൊച്ചി:  പാലക്കാട്ടെ പരാജയവും വോട്ട് ചോര്‍ച്ചയും ബിജെപി സംസ്ഥാന നേതൃത്വത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും ആറാം റൗണ്ട് മുതല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയതെങ്കില്‍ ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തില്‍ 18,840 എത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്കും നേതാക്കള്‍ക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.

തൃശൂരിലെ വിജയത്തിന് ശേഷമുണ്ടായ ട്രെന്‍ഡ് പാലക്കാട്ട് മുതലെടുക്കാന്‍ സാധിക്കാതെ വന്നതോടെ ബിജെപിയില്‍ ഇനി അഭ്യന്തര പ്രശ്‌നങ്ങളുടെ കാലമായിരിക്കും. പാലക്കാട്ടെ തോല്‍വി ബിജെപിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ക്ക് കാരണമായേക്കും എന്നാണ് ഇനി രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുക. കൂടാതെ തോല്‍വിയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതും പ്രശ്‌നമാണ്.

കാലങ്ങളായി പാലക്കാട് സംഘപരിവാര്‍ വേരോട്ടമുള്ള മണ്ണാണ്. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ഭരണം ഇതിന് ഉദാഹരണമാണ്. എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലമായിട്ടും വീണ്ടും തോല്‍വി രുചിച്ചതിന്റെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കാതെ രക്ഷയില്ല.

വരാനിരിക്കുന്ന സംഘടന തിരഞ്ഞെടുപ്പില്‍ നേതൃമാറ്റത്തിന് തന്നെ ഈ തിരഞ്ഞെടുപ്പ് കാരണമായേക്കാം. നഗരസഭയിലെ വോട്ട് ചോര്‍ച്ച നേതൃത്വത്തിനെതിരെയുള്ള ചോദ്യത്തിന്റെ എണ്ണവും കൂട്ടിയേക്കാം. ഈ ചോദ്യങ്ങള്‍ക്കെല്ലാം സുരേന്ദ്രനും നേതൃത്വവും മറുപടി പറയേണ്ടി വരും.

ആദ്യം മുതല്‍ ശോഭ സുരേന്ദ്രന്റെ പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്നു വന്നതെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശി കൊണ്ട് മാത്രമാണ് സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. സംസ്ഥാന നേതൃത്വം കൃഷ്ണകുമാറിന്റെ പേര് മുന്നോട്ടു വച്ചപ്പോള്‍ കേന്ദ്ര നേതൃത്വം വഴങ്ങുകയായിരുന്നു.

വലിയ വിഭാഗീയത പ്രശ്‌നങ്ങളാണ് സി. കൃഷ്ണകുമാറിന് സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെയുണ്ടായത്. ശോഭ സുരേന്ദ്രന്‍ പക്ഷവും സി. കൃഷ്ണകുമാര്‍ പക്ഷവും രണ്ട് ചേരികളിലായിരുന്നു എന്നത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പുറത്തുവന്നിരുന്നു.

കെ. സുരേന്ദ്രനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി തുറന്നു പറഞ്ഞും സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതും ഇനി ബിജെപിയില്‍ ചര്‍ച്ചയാകും. സംഘടന തലപ്പത്ത് നിന്ന് സുരേന്ദ്രനെ മാറ്റാനുള്ള ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുമെന്ന കാര്യത്തില്‍ സംശയമില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.