ചങ്ങനാശേരി : നിയുക്ത കർദിനാൾ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേകം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മെത്രാപ്പോലീത്തന്‍ പള്ളിയിൽ നടക്കും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികനാകും. മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ച് ബിഷപ് മോസ്റ്റ് റവ.ഡോ. എഡ്ഗര്‍ പെന പാര എന്നിവര്‍ സഹകാര്‍മികരാകും.
മെത്രാന്‍മാരും വൈദികരും അണിനിരക്കുന്ന പ്രദക്ഷിണം കൊച്ചുപള്ളിയില്‍ നിന്നാരംഭിച്ച് മെത്രാപ്പോലിത്തന്‍ പള്ളിയില്‍ എത്തുന്നതോടെ അഭിഷേക ചടങ്ങൂകള്‍ക്ക് തുടക്കമാകും. അതിരൂപത അധ്യക്ഷന്‍ മാര്‍ തോമസ് തറയിൽ സ്വാഗതം ആശംസിക്കും.
അഭിഷേക ചടങ്ങുകള്‍ക്ക് പിന്നാലെ മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന കുര്‍ബാന മധ്യേ സീറോ മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് വചന സന്ദേശം നല്‍കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് റവ. ഡോ. എഡ്ഗര്‍ പെന പാര, മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, ഫാ. തോമസ് കല്ലുകളം, മാര്‍ ജോര്‍ജ് കൂവക്കാട് എന്നിവര്‍ പ്രസംഗിക്കും.
ഇന്ത്യയിലും വിദേശത്തും നിന്നുമുള്ള കര്‍ദിനാളന്മാര്‍, മെത്രാന്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കേന്ദ്ര - സംസ്ഥാന ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള വൈദികര്‍, സന്യസ്തര്‍, അല്‍മായര്‍ എന്നിവരടങ്ങുന്ന 4000-ല്‍ അധികം പ്രതിനിധികള്‍ സ്ഥാനാഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കും.
5.15ന് ചേരുന്ന അനുമോദന സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. അപ്പസ്തോലിക് ന്യുണ്ഡഷ്യോ ആര്‍ച്ച് ബി ഷപ് ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, ചെത്തിപ്പുഴ തിരുഹൃദയാശ്രമം പ്രിയോര്‍ റവ. ഡോ. തോമസ് കല്ലുകളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. മാര്‍ ജോര്‍ജ് കൂവക്കാട്ട് നന്ദി അര്‍പ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.