കൊച്ചി: മുനമ്പത്ത് വഖഫ് ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തമാക്കി സമര സമിതി. വഖഫ് ബോര്‍ഡിന്റെ കോലം കടലില്‍ താഴ്ത്തിയാണ് പ്രതിഷേധം. അഞ്ഞൂറിലധികം പേരാണ് സമരത്തില്‍ പങ്കെടുത്തത്.
വഖഫ് ആസ്തി വിവര പട്ടികയില്‍ നിന്ന് തങ്ങളുടെ ഭൂമി ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമര സമിതി. 1995 ലെ വഖഫ് നിയമത്തിന്റെ കോലമാണ് സമരക്കാര്‍ കടലില്‍ കെട്ടിത്താഴ്ത്തിയത്.
മുനമ്പം തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര സമിതിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. മുനമ്പത്തെ പ്രശ്‌നങ്ങള്‍ മൂന്ന് മാസത്തിനകം പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.
സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമരം ശക്തമായി തുടരാനാണ് സമര സമിതിയുടെ തീരുമാനം. വഖഫിന്റെ ആസ്തി വിവര പട്ടികയില്‍ നിന്ന് ഒഴിവാക്കും വരെ സമരം തുടരുമെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു.
മുനമ്പത്ത് പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധിക്കുക. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെയാണ് ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് മാസമാണ് സര്‍ക്കാര്‍ നല്‍കിയ കാലാവധിയെങ്കിലും അതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക പ്രായോഗികമല്ല എന്ന നിലപാടാണ് കമ്മീഷനുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.