ലക്‌നൗ: കോടതി ഉത്തരവനുസരിച്ച് കെട്ടിടത്തിന്റെ സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ മരണം നാലായി. അക്രമത്തില്‍ 20 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ മുസ്ലീം പള്ളി സര്‍വേയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്.
ജനക്കൂട്ടത്തില്‍ ചിലര്‍ പൊലീസിന് നേരേ കല്ലെറിയുകയായിരുന്നു. സര്‍വേ തടയാന്‍ എത്തിയ യുവാക്കളാണ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. അത്സമയം നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ പള്ളിക്കുസമീപം വിന്യസിച്ചതായും സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും അദേഹം പറഞ്ഞു.
1529 ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഭാഗികമായി തകര്‍ത്തെന്ന് പറയപ്പെടുന്ന ഹരിഹര്‍ മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഷാഹി ജുമാമസ്ജിദ് നിര്‍മിച്ചതെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ പരാതിയിലാണ് പ്രദേശിക സിവില്‍ കോടതി സര്‍വേക്ക് അനുമതി നല്‍കിയത്.
അക്രമി സംഘത്തിലുണ്ടായിരുന്ന നയീം, ബിലാല്‍ അന്‍സാരി, നൗമാന്‍, മുഹമ്മദ് കൈഫ് എന്നിവരാണ് മരിച്ചത്. ഡിഎമ്മിന്റെ നിര്‍ദേശ പ്രകാരം ഡിസംബര്‍ ഒന്ന് വരെ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു. സംഭാല്‍ തഹസില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. നവംബര്‍ 25 ന് 12-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമങ്ങള്‍ക്കിടയിലും തര്‍ക്ക മന്ദിരത്തില്‍ സര്‍വേ നടത്തി. മുഴുവന്‍ പ്രക്രിയയും വീഡിയോഗ്രാഫ് ചെയ്തു. കെട്ടിടത്തിനുള്ളിലെ ശില്‍പങ്ങളുടെ ഫോട്ടോഗ്രാഫുകളും ശേഖരിച്ചുവെന്ന് സംഭാല്‍ ജില്ലാ മജിസ്ട്രേറ്റ് രാജേന്ദര്‍ പെന്‍സിയ പറഞ്ഞു. സര്‍വേ നടത്തിയ അഭിഭാഷക കമ്മീഷന്‍ നവംബര്‍ 29 ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ മജിസ്ട്രേറ്റുതല അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.