അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും നിര്‍മിച്ച് പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി സ്ഥലം വില്‍പന നടത്തി; സംഭവത്തില്‍ ആധാരമെഴുത്തുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

 അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും നിര്‍മിച്ച് പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി സ്ഥലം വില്‍പന നടത്തി; സംഭവത്തില്‍ ആധാരമെഴുത്തുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഇരിട്ടിയില്‍ അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് പവര്‍ ഓഫ് അറ്റോര്‍ണി വ്യാജമായി ഉണ്ടാക്കി സ്ഥലം വില്‍പന നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉളിയില്‍ സ്വദേശി അക്കരമ്മല്‍ ഹൗസില്‍ കെ.വി മായന്‍, ഇരിട്ടിയിലെ ആധാരം എഴുത്തുകാരന്‍ കോയ്യോടന്‍ മനോഹരന്‍ എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

2023 ഡിസംബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം. ഇരിട്ടി താലുക്കിലെ ഉളിയില്‍ എന്ന സ്ഥലത്തെ 0.1872 ഹെക്ടര്‍ ഭൂമി വില്‍പന നടത്തുന്നതിനായാണ് വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കിയത്. അഡ്വ. സി. കെ രത്നാകരന്റെ രജിസ്ട്രേഷന്‍ നമ്പറും സീലും ഉപയോഗിച്ച് കൃത്രിമ ഒപ്പിട്ട് നോട്ടറി അറ്റസ്റ്റ് ചെയ്തതായി കാണിച്ചു. തുടര്‍ന്ന് പവര്‍ ഓഫ് അറ്റോര്‍ണി അസല്‍ എന്ന രീതിയില്‍ ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാക്കുകയും സ്ഥലം വീരാജ് പേട്ട സ്വദേശിക്ക് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുകയായിരുന്നു.

ഇതിനിടയില്‍ ജില്ലാ രജിസ്റ്റര്‍ക്ക് കിട്ടിയ പരാതിയില്‍ വിശദമായ പരിശോധന നടന്നു. ആര്‍ക്കും പവര്‍ ഓഫ് അറ്റോര്‍ണി അറ്റസ്റ്റ് ചെയ്ത് നല്‍കിയിട്ടില്ലെന്ന് അഡ്വ.സി.കെ രത്നാകരന്‍ ജില്ലാ റജിസ്ട്രാറെ അറിയിക്കുകയായിരുന്നു. വ്യാജ ഒപ്പും സീലും ഉണ്ടാക്കിയതിന് സി.കെ രത്നാകരന്റെ പരാതിയില്‍ മായനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് എഴുത്തുകാരനായ മനോഹരനാണ് ആധാരം ഉണ്ടാക്കിയതെന്ന് മനസിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.