ന്യൂഡല്‍ഹി: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത തള്ളി കേന്ദ്ര നേതൃത്വം.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണത്താല്‍ ആരും ഉത്തരവാദിത്വങ്ങളില്‍ നിന്ന് രാജി വെക്കില്ലെന്നും ആരുടേയും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ബിജെപി സംസ്ഥാന പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
യുഡിഎഫും എല്‍ഡിഎഫും വ്യാജപ്രചരണം നടത്തുന്നുവെന്നും 2026 ല്‍ ബിജെപി പാലക്കാട് അടക്കം നിരവധി സീറ്റുകളില്‍ വിജയിക്കുമെന്നും ജാവദേക്കര്‍ പ്രതികരിച്ചു.
അതിനിടെ പാലക്കാട്ടെ തോല്‍വി ബിജെപി കൗണ്‍സിലര്‍മാരുടെ തലയില്‍ വെക്കേണ്ടെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ പ്രതികരിച്ചു. ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിന്, തോറ്റാല്‍ ഉത്തരവാദിത്തം ശോഭയ്ക്ക് എന്ന നിലപാട് ശരിയല്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയം പാളിയോ എന്ന് ദേശീയ നേതൃത്വം പരിശോധിക്കണമെന്നും ശിവരാജന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ബിജെപിയുടെ ശക്തി കേന്ദ്രമായ പാലക്കാട് തിരിച്ചടിയുണ്ടാവാന്‍ കാരണം ശോഭാ സുരേന്ദ്രന്‍ പക്ഷമാണെന്ന് സുരേന്ദ്രന്‍ പക്ഷം ആരോപിച്ചിരുന്നു. ശോഭയുടെ ഡ്രൈവര്‍ വോട്ട് മറിക്കാന്‍ കൂട്ടുനിന്നു എന്നായിരുന്നു പ്രധാന ആരോപണം.
പരാജയത്തിനു പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മുരളീധരന്‍ പക്ഷവും ശ്രമിക്കുന്നതായി പാര്‍ട്ടിക്കകത്തു നിന്ന് പരാതി ഉയര്‍ന്നിരുന്നു. നഗരസഭയില്‍ ശോഭാ പക്ഷം ബിജെപി സ്ഥാനാര്‍ഥിയായ കൃഷ്ണകുമാറിനെ തോല്‍പിച്ചു എന്നാണ് മുരളീധരന്റെ പക്ഷം ആവര്‍ത്തിക്കുന്നത്.
പാലക്കാട്ടെ പരാജയം ശോഭ സുരേന്ദ്രന്റെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമിക്കുന്നതായി ശോഭാ പക്ഷവും ആരോപിച്ചു. വി. മുരളീധരന്‍ കെ. സുരേന്ദ്രന് സംരക്ഷണ വലയം ഒരുക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.