മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സസ്പെന്‍സ് തുടരുന്നു; മഹാരാഷ്ട്ര നിയമ സഭയുടെ കാലാവധി ഇന്ന് അവസാനിക്കും

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സസ്പെന്‍സ് തുടരുന്നു; മഹാരാഷ്ട്ര നിയമ സഭയുടെ കാലാവധി ഇന്ന് അവസാനിക്കും

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം വമ്പന്‍ വിജയം നേടിയെങ്കിലും മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ല.

ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന് തന്നെയാണ് സാധ്യതയെങ്കിലും പ്രഖ്യാപനം വൈകുകയാണ്. അതിനിടെ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്.

അതിനാല്‍ ഇന്നു തന്നെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ച് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതുണ്ട്. അല്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനായി മഹാരാഷ്ട്രയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്.

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ 288 അംഗ അസംബ്ലിയില്‍ 230 സീറ്റാണ് മഹായുതി സഖ്യം നേടിയത്. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. ശിവസേന ഷിന്‍ഡെ പക്ഷം 57 സീറ്റുകളും എന്‍സിപി അജിത് പവാര്‍ പക്ഷം 41 സീറ്റും നേടി. സംസ്ഥാനത്ത് ബിജെപി ഇത്രയേറെ സീറ്റുകള്‍ നേടുന്നത് ഇതാദ്യമായിട്ടാണ്.

ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ബിജെപി തന്നെ സഖ്യസര്‍ക്കാരിനെ നയിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വവും ആര്‍എസ്എസും ആഗ്രഹിക്കുന്നത്. എന്നാല്‍ ശിവസേനയുടെ കടുംപിടുത്തമാണ് മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അനിശ്ചിതത്വത്തിന് കാരണമായിട്ടുള്ളത്.

അതേസമയം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മുംബൈയിലെ തന്റെ ഔദ്യോഗിക വസതിയായ 'വര്‍ഷ'യിലേക്ക് അനുയായികള്‍ തടിച്ചുകൂടി എത്തരുതെന്ന് ശിവസേന പ്രവര്‍ത്തകരോട് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.