ന്യൂഡല്‍ഹി: അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും അത് സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാര ശിലയാണെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ ഓരോ പൗരനും ഉയര്‍ത്തിപ്പിടിക്കണം. രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ ഭരണഘടന ശില്‍പ്പികള്‍ ദീര്‍ഘ വീക്ഷണം പുലര്‍ത്തി. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും ഭരണഘടന ഉറപ്പ് വരുത്തുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിനിത് അഭിമാന നിമിഷമാണെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ഭരണഘടന നല്‍കുന്ന സുരക്ഷിതത്വം താഴേതട്ടില്‍ വരെ ഉറപ്പ് വരുത്തുന്നുവെന്നും വസുധൈവ കുടുംബകം എന്ന ആശയത്തെ മുറുകെ പിടിക്കുന്നുവെന്നും അദേഹം വ്യക്തമാക്കി.
പാര്‍ലമെന്റിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രിയും ലോക്‌സഭ, രാജ്യസഭ അധ്യക്ഷന്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികത്തിന്റെ സ്മാരക നാണയവും സ്റ്റാമ്പും രാഷ്ട്രപതി പുറത്തിറക്കി.
സംയുക്ത സമ്മേളനത്തില്‍ ഇന്ത്യ സഖ്യവും പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയേയും മല്ലികാര്‍ജ്ജുന ഖര്‍ഗെയേയും വേദിയിലിരുത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതോടെ സഖ്യ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.
ഭരണഘടന വാര്‍ഷികാഘോഷത്തിന് ശേഷം ഇരുസഭകളും പിരിയും. വൈകുന്നേരം നാലിന് സുപ്രീംേ കാടതിയില്‍ നടക്കുന്ന ഭരണഘടന ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യാതിഥിയാകും.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ അത്ഭുതമായ ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷ നിറവിലാണ് രാജ്യം. വിശ്വാസ വൈവിധ്യം കൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ ഒറ്റ കുടക്കീഴില്‍ നിലനിര്‍ത്തുന്ന ശക്തിയായി ഭരണഘടന നിലകൊള്ളുന്നു. 1946 ഡിസംബര്‍ ഒമ്പതിന് തുടങ്ങി, രണ്ട് വര്‍ഷവും 11 മാസവും 17 ദിവസവും എടുത്താണ് നമ്മുടെ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ 165 ദിവസങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ 2473 ഭേദഗതികളോടെ ഭരണഘടന അതിന്റെ അന്തിമ രൂപത്തിലേക്ക് മിനുക്കിയെഴുതി. ഇറ്റാലിയന്‍ കാലിഗ്രഫിയില്‍ പ്രേം ബിഹാരി നാരായണ്‍ റായിസാദയുടെ കൈപ്പടയിലായിരുന്നു അതിന്റെ ആദ്യ കോപ്പി. 51 ദിവസം തുടര്‍ച്ചയായി എഴുതി പൂര്‍ത്തീകരിച്ച ഈ കയ്യെഴുത്ത് പ്രതിയുടെ പേജുകളില്‍ ശാന്തി നികേതനിലെ പ്രൊഫസറായ നന്ദലാല്‍ ബോസും ശിഷ്യരും ചേര്‍ന്നാണ് അലങ്കാരപ്പണികള്‍ ചെയ്തത്.
'ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ റിപ്പബ്ലിക്കായി വിഭാവനം ചെയ്യുന്നു' എന്ന് തുടങ്ങുന്ന ഭരണഘടനയുടെ ആമുഖം ഏറെ പ്രസിദ്ധമാണ്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടേയും വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സങ്കല്‍പമാണ് നമ്മുടെ ഭരണഘടനയുടെ ഏറ്റവും വലിയ ശക്തി.
ഓരോ പൗരന്റെയും അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം ഭരണഘടന നമ്മെ നമ്മുടെ ചുമതലകളെക്കുറിച്ചും ഓര്‍മിപ്പിക്കുന്നു. നമ്മുടെ നിത്യജീവിതത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യ വിരുദ്ധ ശക്തികള്‍ക്ക് മുന്നില്‍ വെല്ലുവിളിയായി നിലനില്‍ക്കുന്ന ഒരേയൊരു ശക്തിയും ഭരണഘടന തന്നെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.