രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ഹര്‍ജിയില്‍ ആഭ്യന്തര മന്ത്രാലയത്തോട് വിവരങ്ങള്‍ തേടി അലഹബാദ് ഹൈക്കോടതി

രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ഹര്‍ജിയില്‍ ആഭ്യന്തര മന്ത്രാലയത്തോട് വിവരങ്ങള്‍ തേടി അലഹബാദ് ഹൈക്കോടതി

അലഹബാദ്: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തില്‍ വ്യക്തത തേടി അലഹബാദ് ഹൈക്കോടതി. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വത്തിനൊപ്പം ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ഹര്‍ജിയില്‍ ആഭ്യന്തര മന്ത്രാലയത്തോട് അലഹബാദ് ഹൈക്കോടതി വിവരങ്ങള്‍ തേടി.

മൂന്ന് ആഴ്ചക്കുള്ളില്‍ വിവരങ്ങള്‍ നല്‍കണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വം നിയമപരമാണോയെന്ന് പരിശോധിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ മറുപടി. വിശദമായ മറുപടി മൂന്ന് ആഴ്ചക്കുള്ളില്‍ നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ ഉയര്‍ന്ന ആരോപണമാണ് ഇരട്ട പൗരത്വമുണ്ടെന്നത്. 2015 ല്‍ ബിജെപി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് പര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ആദ്യമായി പരാതി നല്‍കിയത്.

ഈ ആരോപണം തെറ്റാണെന്നും പരാതിക്കാരന്‍ തന്റെ പേര് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അന്ന് എത്തിക്‌സ് കമ്മിറ്റിക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കുകയും ചെയ്തിരുന്നു. തെളിവുണ്ടെങ്കില്‍ രേഖകള്‍ സഹിതം ആരോപണം തെളിയിക്കണമെന്നും അന്ന് രാഹുല്‍ സുബ്രഹ്മണ്യന്‍ സ്വാമിയെ വെല്ലുവിളിച്ചിരുന്നു.

ഇതിന് പിന്നാലെ 2019 ലെ തിരഞ്ഞെടുപ്പ് കാലത്ത് ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. ജൂണ്‍ 19, 1970 എന്നതാണ് രാഹുല്‍ ഗാന്ധിയുടെ ജനന തിയതി എന്നും പൗരത്വം ബ്രിട്ടീഷ് ആണെന്നും കമ്പനി രേഖകളിലുണ്ടെന്നതടക്കമുള്ള സുബ്രമണ്യന്‍ സ്വാമിയുടെ പരാതി മുന്‍നിര്‍ത്തായാണ് കേന്ദ്രം രാഹുലിന് നോട്ടീസ് അയച്ചത്.

പിന്നീടും പല തവണ വിവാദം ഉയര്‍ന്നിട്ടുണ്ടെങ്കിലും ആഭ്യന്ത്രര മന്ത്രാലയം ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തമായ ഉത്തരം കണ്ടെത്തിയിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.