തൃശൂര്‍ വാഹനാപകടം: മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മന്ത്രി എം.ബി രാജേഷ്

തൃശൂര്‍ വാഹനാപകടം: മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മന്ത്രി എം.ബി രാജേഷ്

തൃശൂര്‍: നാട്ടികയില്‍ ലോറി പാഞ്ഞ് കയറി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അന്തിമോപചാരം അര്‍പ്പിച്ച് മന്ത്രി എംബി രാജേഷ്. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും മന്ത്രിക്കൊപ്പം അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മെഡിക്കല്‍ കോളജ്-താലൂക്ക് ആശുപത്രി മോര്‍ച്ചറികളില്‍ മന്ത്രിയും ജില്ലാ കളക്ടറും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരെയും മന്ത്രിയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശം അനുസരിച്ചാണ് മന്ത്രി എം.ബി രാജേഷ് തൃശൂരിലെത്തിയത്. നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിന് സമീപം ഇന്ന് പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ ചമ്മണാംതോട് നിവാസികളായ അഞ്ച് പേരാണ് മരിച്ചത്.

പരിക്കേറ്റ ആറ് പേര്‍ ചികിത്സയിലാണ്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാരി (20), ജീവന്‍ (4), വിശ്വ (1) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജാന്‍സി (24), ചിത്ര (24), ദേവേന്ദ്രന്‍ (27), ശിവാനി (4), വിജയ് (23), രമേഷ് (23) എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ നാഗമ്മ, വിശ്വ എന്നിവരുടെ മൃദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും കാളിയപ്പന്‍, ജീവന്‍, ബംഗാരി എന്നിവരുടെ മൃതദേഹങ്ങള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയി.

ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലാഭരണകൂടം സംഭവം നടന്നത് മുതല്‍ ആംബുലന്‍സില്‍ മൃതദേഹം സ്വദേശത്തേക്ക് അയക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ഫ്രീസര്‍ സൗകര്യമുള്ള ആംബലന്‍സും ബന്ധുക്കള്‍ക്ക് നാട്ടിലേക്ക് പോകുന്നതിനായി പ്രത്യേകമായി കെഎസ്ആര്‍ടിസി ബസും സജ്ജീകരിച്ചിരുന്നു. പാലക്കാട്ടേക്ക് പോയ ആംബുലന്‍സിനോടൊപ്പം റവന്യു സംഘവും പൊലീസ് സംഘവും അനുഗമിച്ചു.

കണ്ണൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് തടി കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയും സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ലോറിയും ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയിലാണ്. അപകടത്തില്‍ പരിക്ക് പറ്റിയവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അപകടം സംബന്ധിച്ച് പൊലീസും എംവിഡിയും അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.