പുതിയ കൊറോണ; പുതുക്കിയ യാത്രാ നിര്‍ദേശങ്ങള്‍

 പുതിയ കൊറോണ; പുതുക്കിയ യാത്രാ നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ബ്രിട്ടന്‍, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ ഒഴികെയുള്ള യാത്രക്കാര്‍ക്കാണ് പുതിയ നിര്‍ദേശം ബാധകമാകുക.

പുതിയ മാര്‍ഗരേഖ പ്രകാരം ഇന്ത്യയിലേക്ക് വരുന്നവര്‍, സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കൂടാതെ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്യണം. തെറ്റായ വിവരമാണ് അപ്ലോഡ് ചെയ്യുന്നതെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനിടയുണ്ട്.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമേ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. കുടുംബത്തില്‍ മരണം സംഭവിച്ചതുമൂലം യാത്ര ചെയ്യുന്നവരെ ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബ്രിട്ടന്‍, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തുന്നവര്‍ രാജ്യത്ത് എത്തിയതിനു ശേഷം സ്വന്തം ചിലവില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യണം. ഇത് നിര്‍ബന്ധമാണ്. സൗത്ത് ആഫ്രിക്കയില്‍നിന്നും ബ്രസീലില്‍നിന്നും ഇന്ത്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ഈ രണ്ടു രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെടും.

അതേസമയം, ബ്രിട്ടന്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാനം വഴിയോ മാറിക്കയറിയോ എത്തുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി വെളിപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കന്‍ വകഭേദം നാലു പേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലുമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

പുതുതായി കണ്ടെത്തിയ ഈ രണ്ടു വകഭേദങ്ങള്‍ക്കും പകര്‍ച്ച വ്യാപന സാധ്യത വളരെക്കൂടുതലാണ്. വൈറസിന്റെ യു.കെ വകഭേദം രാജ്യത്ത് ഇതുവരെ 187 പേരിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.