മാതൃസ്‌നേഹം നിഷേധിക്കരുത്: കുറ്റവാളിയായ അമ്മയ്ക്കുവേണ്ടി രാഷ്ട്രപതിക്ക് മുന്നില്‍ യാചിച്ച് മകന്‍

മാതൃസ്‌നേഹം നിഷേധിക്കരുത്:  കുറ്റവാളിയായ അമ്മയ്ക്കുവേണ്ടി രാഷ്ട്രപതിക്ക് മുന്നില്‍ യാചിച്ച് മകന്‍

ലഖ്നൗ: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റപ്പെട്ട് ചരിത്രത്തിന്റെ കറുത്ത ഏടുകളില്‍ സ്ഥാനം പിടിക്കാനൊരുങ്ങുന്ന ഷബ്നത്തിന് വേണ്ടി രാഷ്ട്രപതിക്ക് മുന്നില്‍ യാചിച്ച് മകന്‍. കാമുകനുമായി ജീവിക്കാന്‍ കുടുംബത്തിലെ ഏഴുപേരെ മഴുവിന് ഇരയാക്കി കൊലപ്പെടുത്തിയ ഷബ്നത്തിന്റെ ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് മകന്‍ താജാണ് ദയാഹര്‍ജി നല്‍കിയത്.

ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ വധശിക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്. അമ്മയുടെ ലാളന തനിക്ക് നിഷേധിക്കരുതെന്ന് വൈകാരികമായിട്ടാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. റാംപൂര്‍ ജയിലില്‍ മാതാവുമായുള്ള തന്റെ കൂടിക്കാഴ്ച താജ് ഹര്‍ജിയില്‍ ഓര്‍മ്മിക്കുന്നു. സ്നേഹവും വാത്സല്യവും വര്‍ഷിക്കുകയായിരുന്നു. അന്ന് അമ്മ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു, പിന്നെ ചുംബിച്ചു. കുറച്ചു പണവും നല്‍കി. മാതാവിന്റെ പരിലാളനയും സ്നേഹവും തനിക്ക് നിഷേധിക്കരുതെന്നും അതില്‍ നിന്നും തന്നെ അകറ്റരുതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും കുട്ടി അപേക്ഷിച്ചിട്ടുണ്ട്.

ഷബ്നത്തിന്റെ ഏക മകനായ താജിനെ വളര്‍ത്തുന്നത് ബുലന്ദഷഹറിലെ ഉസ്മാന്‍ സയ്ഫിയാണ്. ഷബ്നം ജയിലില്‍ കഴിയുമ്പോഴാണ് അവനുണ്ടായത്. ആറ് വയസ്സ് ആയപ്പോള്‍ അമോറാ ജില്ലാ ഭരണകൂടം താജിന്റെ് സംരക്ഷണം ഉസ്മാന്‍ സെയ്ഫീയ്ക്ക് വിട്ടുകൊടുത്തു. അവനെ ഇപ്പോള്‍ വളര്‍ത്തുന്നതും പഠിപ്പിക്കുന്നതും സെയ്ഫിയാണ്. ബുലന്ദഷഹറിലെ ഏറ്റവും മികച്ച സ്‌കൂളില്‍ തന്നെ സെയ്ഫീ അവന് വിദ്യാഭ്യാസം ഉറപ്പാക്കി.

അതേസമയം അംറോഹയിലെ ഹസന്‍പൂര്‍ നഗരത്തിന് സമീപത്തെ ബവന്‍ഖേഡി എന്ന ചെറു ഗ്രാമത്തിലുള്ളവര്‍ക്ക് 2008 ഏപ്രില്‍ 14 നും 15 നും ഇടയിലെ രാത്രിയില്‍ അരങ്ങേറിയ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ല. അന്നായിരുന്നു ഷബ്നവും കാമുകന്‍ സലീമും ചേര്‍ന്ന് ഏഴു പേരെ കൊലപ്പെടുത്തിയത്. കാമുകന്റെ സഹായത്തോടെ പിതാവ് മാസ്റ്റര്‍ ഷൗക്കത്തിനെയാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നാലെ അമ്മ ഹഷ്മി, സഹോദരന്‍മാരായ അനീസ്, റാഷിദ്, സഹോദരി റബിയ, സഹോദര ഭാര്യ അന്‍ജും എന്നിവരെ കൊലചെയ്തു. സഹോദരന്റെ ഏഴു വയസുള്ള മകനെപ്പോലും അവര്‍ വെറുതേവിട്ടില്ല. കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

സലിമുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതാണ് പ്രകോപനമായത്. കുടുംബാംഗങ്ങള്‍ക്കു പാലില്‍ മയക്കുമരുന്നു ചേര്‍ത്തു നല്‍കിയശേഷമായിരുന്നു കൊടുംക്രൂരത. ഷബ്‌നത്തെ തൂക്കിലേറ്റാനുള്ള മരണവാറന്റ് പുറപ്പെടുവിച്ചുകഴിഞ്ഞു. ശിക്ഷാവിധിയില്‍ അപ്രതീക്ഷിത സംഭങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഷബ്നം തൂക്കിലേറ്റപ്പെടും. കൊലപാതകത്തിനു സഹായിച്ച കാമുകന്‍ സലിമിന്റെ വധശിക്ഷയും ഉടന്‍ നടപ്പാക്കും.

സലിം ആഗ്ര ജയിലിലും ഷബ്ന ബറേലി ജയിലിലുമാണ്. വധശിക്ഷ നടപ്പാക്കാനായി ഷബ്നത്തെ മഥുര ജയിലിലെത്തിക്കും. ശിക്ഷയ്ക്കു മുന്നോടിയായി നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാര്‍ പവന്‍ ജല്ലാദ് രണ്ടു തവണ ഇവിടെയെത്തി പരിശോധന നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.