'ഇവ ഫ്രം ദോഹ, വെല്‍ക്കം ടു കൊച്ചി'! താര പരിവേഷത്തില്‍ രാമചന്ദ്രന്റെ പൂച്ചക്കുട്ടി

'ഇവ ഫ്രം ദോഹ, വെല്‍ക്കം ടു കൊച്ചി'! താര പരിവേഷത്തില്‍ രാമചന്ദ്രന്റെ പൂച്ചക്കുട്ടി

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ഇവയെ ഒരു താര പരിവേഷത്തോടെയാണ് നാട് വരവേറ്റത്. വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെ നിന്ന് കൊണ്ടുവരുന്നതിനും അനുമതി നല്‍കുന്ന അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സേവനം (എക്യുസിഎസ്) കൊച്ചിയില്‍ ആരംഭിച്ച ശേഷം ആദ്യമായെത്തുന്ന വളര്‍ത്തു മൃഗമാണ് ഇവ. അതുകൊണ്ട് തന്നെ ഇവയ്ക്ക് വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

തൃശൂര്‍ ചേലക്കര സ്വദേശി രാമചന്ദ്രന്‍ നായരുടെ പച്ചയും മഞ്ഞയും കണ്ണുകളുള്ള സുന്ദരി പൂച്ചക്കുട്ടി വ്യാഴാഴ്ച രാവിലെ രാവിലെ 10:17 ന് എയര്‍ ഇന്ത്യയുടെ എഐ 954 വിമാനത്തില്‍ ദോഹയില്‍ നിന്നാണ് കൊച്ചിയിലെത്തിയത്. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് പൂച്ചക്കുട്ടിയെ പുറത്തിറക്കിയത്.
വിദേശത്ത് നിന്ന് വരുന്ന വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ അസുഖങ്ങളോ മറ്റോ ഉണ്ടെങ്കില്‍ വിമാനത്താവളത്തിനകത്തു തന്നെ ക്വാറന്റൈന്‍ സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. 15 ദിവസത്തിന് ശേഷം പരിശോധനകള്‍ പൂര്‍ത്തിയാക്കിയാക്കിയാണ് ഇവരെ ക്വാറന്റൈനില്‍ നിന്ന് വിട്ടുനല്‍കുക.

ശനിയാഴ്ച ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നിന്ന് ഒരു നായ്ക്കുട്ടിയും കൊച്ചി വിമാനത്താവളത്തിലെത്തും. ഈ വര്‍ഷം ജൂലൈയിലാണ് പെറ്റ് എക്‌സ്‌പോര്‍ട്ട് സൗകര്യം സിയാലില്‍ നിലവില്‍ വന്നത്. നിരവധി യാത്രക്കാര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

ലാസാ അപ്‌സോ ഇനത്തില്‍പ്പെട്ട ലൂക്ക എന്ന നായയാണ് കൊച്ചിയില്‍ നിന്നു ദോഹ വഴി ദുബായിലേക്ക് പോയ ആദ്യ മൃഗം. ഇതിന് പിന്നാലെ ഒക്ടോബര്‍ 10 നാണ് കൊച്ചി വിമാനത്താവളത്തിലേക്ക് വിദേശത്ത് നിന്ന് മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള അനുമതി നല്‍കുന്ന ക്വാറന്റീന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സേവനം തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.