കോട്ടയം : കുടക്കച്ചിറ അന്തോണിക്കത്തനാരുടെപേരിൽ പാലാ പ്ലാശനാൽ പള്ളി പുരയിടത്തിലൂടെ ഒരു റോഡ് രൂപംകൊള്ളുകയാണ്. 12 അടിവീതിയിൽ അരകിലോമീറ്റർ ദൂരമുള്ള റോഡ് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിക്കുന്നതാണ്. ജീവിതവിശുദ്ധിയിലൂടെയും വാക്ചാതുരിയിലൂടെയും അനേക ജീവിതങ്ങളെ മാറ്റിമറിച്ച നസ്രാണി സഭയുടെ സ്വാതന്ത്ര്യ സമര സേനാനിയാണ് കുടക്കച്ചിറ അന്തോനി കത്തനാർ.
കുന്നേൽ മല്പാൻ,പൂണ്ടിക്കുളം മല്പാൻ,കട്ടക്കയം മല്പാൻ എന്നിവരുടെ കീഴിൽ വൈദീകപരിശീലനം നടത്തി. ഈജിപ്റ്റിലെ മഹാനായ സന്യാസ ശ്രേഷ്ഠനായ മാർ അന്തോനി ബാവായുടെ സന്യാസാശ്രമ മാതൃകയിൽ അദ്ദേഹം ഒരു സന്യാസ പ്രസ്ഥാനം പ്ലാശനാൽ സ്ഥാപിച്ചു. പാലായിൽ വസൂരി പടർന്നു പിടിച്ച അവസരത്തിൽ രോഗ ബാധിതരെ ശുശ്രൂഷിക്കുകയും മരിച്ചവരെ സംസ്കരിക്കുകയും ചെയ്തതിലൂടെ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. സ്വജാതി മെത്രാൻ ഇല്ലാതെ മാർത്തോമ്മാ നസ്രാണി സഭ അടിമത്തത്തിന്റെ പടുകുഴിയിൽ നിന്ന് ഒരിക്കലും കരകയറില്ല എന്ന് മനസ്സിലാക്കിയ കത്തനാർ, സ്വജാതി മെത്രാന്മാരെ കിട്ടാൻ വേണ്ടി മലങ്കര പള്ളിയോഗത്തിൽ സംസാരിച്ചു. കുറവിലങ്ങാട് പള്ളിമേടയിൽ,വിളിച്ച് ചേർത്ത യോഗത്തിൽ വച്ച് സ്വജാതി മെത്രാനെ കിട്ടാൻ വേണ്ടി ബാഗ്ദാദിന് പോകാൻ അദ്ദേഹം തയാറായി .ഇതിന്റെ പേരിൽ വരാപ്പുഴ അതിരൂപതയിലെ അധികാരികൾ അദ്ദേഹത്തെ മഹറോൻ ചൊല്ലിയെങ്കിലും ,അത് വകവയ്ക്കാതെ സുറിയാനി പ്രതിപുരുഷൻമാരുടെ ഒപ്പുകൾ ശേഖരിച്ച് ബാഗ്ദാദിന് യാത്രയായി. കൂടെ തൊണ്ടനാട്ട് അന്തോനി കത്തനാരും (പിന്നീട് മാർ അബ്ദീശോ തൊണ്ടനാട്ട്/ഇളംതോട്ടം ബാവ എന്നറിയപ്പെട്ടു ) ഉണ്ടായിരുന്നു.
കാൽനടയായി സഞ്ചരിച്ചാണ് ബോംബെയിൽ എത്തിയത്. അദ്ദേഹത്തിന്എതിര്നിന്ന മിഷനറി വൈദീകർ അദ്ദേഹത്തെ തടഞ്ഞ് ഒപ്പുകൾ നശിപ്പിച്ചു കളഞ്ഞു എങ്കിലും മനസ്സ്മടുക്കാതെ യാത്ര തുടർന്ന് 1854 ൽ കൽദായ പാത്രിയർക്കീസ് ബാവയെ സന്ദർശിച്ച് ആവശ്യം ഉണർത്തിച്ചു. ശേഖരിച്ച ഒപ്പുകൾ നശിപ്പിക്കപ്പെട്ടു പോയതിനാൽ വന്നകാര്യം നടന്നില്ല. വീണ്ടും ഒപ്പ് ശേഖരിക്കാൻ അദ്ദേഹം തിരിച്ച് കേരളത്തിൽ 1856 ൽ വന്നു.കേരളത്തിൽ തിരിച്ചെത്തി ഒപ്പുകൾ വീണ്ടും ശേഖരിച്ചു.
1857 ൽ ആരംഭിച്ച രണ്ടാം ദൗത്യ യാത്രയിൽ ഇവിടെ നിന്നും ചില വൈദികരും പതിനാല് മ്ശംശാനാമാരും കൂടെ കൂടി. പാതി വഴിയിൽ ബാഗ്ദാദിൽ വച്ച് അസുഖം ബാധിച്ച് ഒരാൾ ഒഴികെ എല്ലാവരും മരണപ്പെട്ടു.സഭയ്ക്ക് വേണ്ടി ജീവൻ ത്യജിച്ച അദ്ദേഹം അവിടെ കബറടങ്ങി. ഇറാഖിൽ ഖബർ അടങ്ങിയിരിക്കുന്ന അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ കേരളത്തിൽ എത്തിക്കണമെന്നാണ് അദ്ദേഹത്തിനെ സ്നേഹിക്കുന്ന സഭാ വിശ്വാസികളുടെ ആവശ്യം. അധികം താമസിയാതെ തന്നെ കുടക്കിച്ചിറ അന്തോണിക്കത്തനാരെ ക്കുറിച്ചുള്ള പുസ്തകവും പുറത്തിറങ്ങുന്നുണ്ട് .
(വിവരങ്ങൾക്ക് കടപ്പാട് ഫെബിൻ ജോർജ് മൂക്കം തടത്തിൽ )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.