കൊടകര കുഴല്‍പ്പണക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കൊടകര കുഴല്‍പ്പണക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം സമീപിച്ചതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയുടെ ഉത്തരവ്.

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്.പി വി.കെ രാജു പബ്ലിക് പ്രോസിക്യൂട്ടര്‍ എം.കെ ഉണ്ണികൃഷ്ണന്‍ വഴി കോടതിയെ സമീപിച്ചത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആറ് ചാക്കുകളിലാക്കിയായിരുന്നു കൊണ്ടു വന്നിരുന്നത്. കേസിലെ മുഖ്യസാക്ഷിയായ ധര്‍മരാജനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ വെളിപ്പെടുത്തലുകളായിരുന്നു വന്നത്.

കൊടകര കള്ളപ്പണക്കേസില്‍ പ്രധാന ആരോപണം നേരിടുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുരേന്ദ്രനെ പ്രതി ചേര്‍ക്കാതെ മൊഴിയെടുക്കുക മാത്രമായിരുന്നു ചെയ്തത്.

പണം കൊണ്ടുവന്ന ധര്‍മരാജനുമായി സുരേന്ദ്രന് ബന്ധമുണ്ടായിരുന്നുവെന്ന് തിരൂര്‍ സതീഷ് മൊഴി നല്‍കിയിരുന്നു. തന്നില്‍ നിന്നും മതിയായ മൊഴിയെടുക്കലുകള്‍ അന്വേഷണ സംഘം നടത്തിയിട്ടില്ല എന്ന് തിരൂര്‍ സതീഷ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ വെളിപ്പെടുത്തലുകള്‍ വന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് ഉണ്ടായിരുന്നതെന്ന് തിരൂര്‍ സതീഷ് ആരോപിച്ചിരുന്നു.

സത്യമായിട്ടുള്ള കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നും മൊഴി രേഖപ്പെടുത്താന്‍ ഇനി പോലീസ് വന്നാലും തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറയുമെന്നും ആശങ്കളും പേടികളും ഉണ്ടെങ്കിലും പറഞ്ഞ സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തിരൂര്‍ സതീഷ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.