ന്യൂഡല്‍ഹി: നടപ്പു വര്‍ഷത്തെ രണ്ടാം പാദ ജിഡിപി കണക്കുകള്‍ പ്രകാരം സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്. റിസര്‍വ് ബാങ്ക് അടക്കം ഈ വര്‍ഷം ഏഴ് ശതമാനത്തിന് മുകളില്‍ വളര്‍ച്ച പ്രഖ്യാപിച്ച ഇടത്താണ് രണ്ടാം പാദത്തിലെ കൂപ്പുകുത്തല്‍.
2024-25 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 5.4 ശതമാനം വളര്‍ച്ച മാത്രമാണ് ജിഡിപിക്കുള്ളത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയ ജിഡിപി വളര്‍ച്ച കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ചാ നിരക്ക് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2022-23 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (2022 ഒക്ടോബര്‍-ഡിസംബര്‍) 4.3 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തിയതാണ് ഇതിന് മുമ്പുള്ള ഏറ്റവും താഴ്ന്ന ജിഡിപി വളര്‍ച്ച നിരക്ക്. 8.1 ശതമാനമായിരുന്നു മുന്‍വര്‍ഷത്തെ ഇതേ പാദത്തില്‍ രേഖപ്പെടുത്തിയത്.
സാമ്പത്തിക വിദഗ്ദരും ഗവേഷകരും ആറ് ശതമാനത്തിന് മുകളിലാണ് വളര്‍ച്ച നിരക്ക് അനുമാനിച്ചിരുന്നത്. ഇപ്പോഴുണ്ടായ വന്‍ ഇടിവ് അമ്പരപ്പിക്കുന്നതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ 6.7 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ മൂലധനച്ചെലവ് കുറഞ്ഞതും രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതും ആദ്യ പാദ ജിഡിപി വളര്‍ച്ചയെ ബാധിച്ചുവെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടാം പാദത്തില്‍ അതിലും താഴ്ന്ന വളര്‍ച്ചാ നിരക്ക് വലിയ വെല്ലുവിളിയാണ് സാമ്പത്തിക മേഖലയില്‍ ഉയര്‍ത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.