ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റായി കര തൊട്ടതോടെ ചെന്നൈ നഗരത്തിലും തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലും അതിശക്തമായ മഴ. വൈകുന്നേരം അഞ്ചരയോടെയാണ് ചുഴലിക്കാറ്റ് പുതുച്ചേരിയില്‍ കര തൊട്ടത്. തമിഴ്നാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലുമാണ് കനത്ത മഴ് പെയ്യുന്നത്. മഴയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. . ഞായറാഴ്ച പുലര്‍ച്ചെ നാലുവരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. നൂറിലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി. 19 സര്‍വീസുകള്‍ വഴി തിരിച്ചു വിട്ടു.
റോഡ്, ട്രെയിന്‍ ഗതാഗതം പലയിടത്തും തടസപ്പെട്ടു. കടല്‍ പ്രക്ഷുബ്ധമാണ്. ആറ് മണിക്കൂറിലേറെയായി പെയ്യുന്ന കനത്ത മഴയില്‍ പുതുച്ചേരി ബീച്ച് റോഡില്‍ മുഴുവന്‍ മഴ വെള്ളം കെട്ടിക്കിടക്കുകയാണ്. മറീന ബീച്ചില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് പട്ടിനമ്പാക്കത്ത് നിന്ന് എമേഴ്സണ്‍ പോയിന്റിലേക്കുള്ള ലൂപ്പ് റോഡ് പൂര്‍ണമായും അടച്ചു. വാഹനങ്ങള്‍ അനുവദിക്കില്ല.
പൊതുജനങ്ങള്‍ ബീച്ചിലേക്ക് വരരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ ചെന്നൈയില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ചെന്നൈയിലെ പാരീസ് കോര്‍ണറിലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പോകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.
അടുത്ത 48 മണിക്കൂര്‍ കനത്ത മഴയുണ്ടായേക്കാമെന്നും കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരുന്നു.
ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ബീച്ചുകളിലും അമ്യൂസ്മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മണ്ണിടിച്ചലിനടക്കമുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
2299 ദുരിതാശ്വാസ ക്യാമ്പുകളും സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ട്. നാഗപട്ടണം, മൈലാടുതുറൈ, തിരുവാരൂര്‍, തഞ്ചാവൂര്‍, കടലൂര്‍, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലായാണ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
നിലവില്‍ തിരുവാരൂര്‍, നാഗപട്ടണം എന്നീ ജില്ലകളിലെ ആറ് കേന്ദ്രങ്ങളിലായി 164 കുടുംബങ്ങളിലെ 471 പേര്‍ കഴിയുന്നുണ്ട്. ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള ജില്ലകളിലെ രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ സജ്ജമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.