കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് ആദ്യം വന്നേക്കും; ചങ്കിടിപ്പോടെ സ്ഥാനാര്‍ത്ഥി മോഹികള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് ആദ്യം വന്നേക്കും;  ചങ്കിടിപ്പോടെ സ്ഥാനാര്‍ത്ഥി മോഹികള്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് മാര്‍ച്ച് ആദ്യ ആഴ്ചയോടെ അന്തിമ രൂപമായേക്കും. ഹൈക്കമാന്റ് നിര്‍ദേശപ്രകാരം കൊല്‍ക്കത്ത, മുംബൈ, ബെംഗളുരു എന്നിവിടങ്ങളിലെ മൂന്ന് ഏജന്‍സികള്‍ വെവ്വേറെ തയാറാക്കിയ രഹസ്യ പട്ടിക എഐസിസിയുടെ കയ്യിലെത്തി.

ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പരിഗണിക്കാതെ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുക എന്നതായിരുന്നു സര്‍വേയുടെ ലക്ഷ്യം. 100 സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയാണ് ഇപ്പോള്‍ ഹൈക്കമാന്റിന്റെ മുന്നിലുള്ളതെന്നാണ് സൂചന. ഇതോടെ സ്ഥാനാര്‍ത്ഥി മോഹികളായ നേതാക്കള്‍ ആശങ്കയിലാണ്. ചില സിറ്റിംഗ് എംഎല്‍എമാരും പട്ടികയ്ക്ക് പുറത്താണന്നാണ് വിവരം. എന്തായാലും ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും ആശ്വസിക്കാന്‍ വകയുണ്ട്. ഇതില്‍ സൂക്ഷ്മ പരിശോധന തുടങ്ങി.

കേരളത്തിലെ മുതിര്‍ന്ന ചില നേതാക്കളോടു മാത്രമാണ് സര്‍വേയിലെ വിശദാംശങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് 50 സീറ്റെങ്കിലും നേടണമെന്ന വിലയിരുത്തലാണ് സാധ്യതാപട്ടിക തയാറാക്കിയത്. കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ പാര്‍ട്ടിയോട് അനുഭാവമുള്ളവരെയും പൊതുസമ്മതരായ പ്രമുഖരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നു.

എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കിയ സാധ്യതാ സ്ഥാനാര്‍ത്ഥികളുടെ ജനകീയതയും സ്വാധീനവും സര്‍വേയില്‍ പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ്, വ്യക്തി താല്‍പര്യങ്ങള്‍ ഇക്കുറി ഇടം പിടിക്കില്ലെന്നു ഹൈക്കമാന്റ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഡിസിസികള്‍, പാര്‍ലമെന്റംഗങ്ങള്‍, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി എന്നിവ മുന്നോട്ടു വയ്ക്കുന്ന പേരുകളും സര്‍വേ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാവും ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.