അദാനിയെച്ചൊല്ലി ഇന്നും പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് സ്തംഭിച്ചു; രാജ്യസഭയും ലോക്‌സഭയും പിരിഞ്ഞു

അദാനിയെച്ചൊല്ലി ഇന്നും പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് സ്തംഭിച്ചു; രാജ്യസഭയും ലോക്‌സഭയും പിരിഞ്ഞു

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇന്നും രാജ്യസഭയും ലോക്‌സഭയും പിരിഞ്ഞു. രാവിലെ സഭാ നടപടികള്‍ തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം അദാനി വിഷയം ഉന്നയിച്ചു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയാണെന്ന് സ്പീക്കര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

രാജ്യസഭയിലും സമാനമായിരുന്നു സാഹചര്യം. റൂള്‍ 267 അടിയന്തര ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഉള്ളത് മാത്രമാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. ഇരുസഭകളും പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് ആദ്യം 12 മണി വരെയും പിന്നീട് ഇന്നത്തേക്കും നടപടികള്‍ ഉപേക്ഷിക്കുകയായിരുന്നു.

രാവിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം അദാനി വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഉള്ള തീരുമാനം അംഗീകരിച്ചിരുന്നു. തുടര്‍ന്നു ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തിലും ഈ നിര്‍ദേശത്തിന് ആണ് മേല്‍ കൈ ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി ശരദ് പവാര്‍ വിഭാഗം എന്നിവര്‍ പ്രതിഷേധം പ്രതീകാത്മകമായി മതി എന്ന അഭിപ്രായം മുന്നോട്ട് വച്ചിരുന്നു.

പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിതല യോഗം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അദാനി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടന്ന നിലപാട് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ശേഷം ഇരു സഭകളും ആരംഭിച്ചപ്പോള്‍ വീണ്ടും ബഹളമായി. ഇതോടെ സഭകള്‍ പിരിച്ചു വിടുകയായിരുന്നു.

പാര്‍ലമെന്റ് സമ്മേളനം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും ഒരു ദിവസം പോലും സഭാ നടപടികള്‍ മുറയ്ക്ക് നടന്നിട്ടില്ല. അതേസമയം തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനത്തില്‍ കോണ്‍ഗ്രസിനെതിരെ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികള്‍ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.

ഇടതുപാര്‍ട്ടികളും, തൃണമൂല്‍ കോണ്‍ഗ്രസും, എന്‍സിപി ശരദ് പവാര്‍ വിഭാഗവുമാണ് എതിര്‍പ്പറിയിച്ചത്. തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ സങ്കീര്‍ണമായ പല വിഷയങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ സഹായിക്കുമെന്നാണ് ഇടത് പാര്‍ട്ടികളുടെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.