മുന്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിന് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

മുന്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിന് എതിരായ ഹര്‍ജി സുപ്രീം കോടതി  തള്ളി

ന്യൂഡല്‍ഹി: സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയുമായിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഒരു മുന്‍ എംഎല്‍എയുടെ മകന് ആശ്രിത നിയമനം നല്‍കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ചോദിച്ച സുപ്രീം കോടതി ആശ്രിത നിയമനം ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി.

മതിയായ യോഗ്യതകള്‍ പ്രശാന്തിനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

പ്രശാന്ത് സര്‍വീസില്‍ ഇരുന്ന സമയത്ത് വാങ്ങിയിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്.

2018 ജനുവരിയിലായിരുന്നു കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ആശ്രിത നിയമനം നല്‍കിയത്.

ആശ്രിത നിയമനം സംബന്ധിച്ച് കൃത്യമായ സര്‍വീസ് ചട്ടങ്ങള്‍ സംസ്ഥാനത്തിനുണ്ട്. കേരള സബോഡിനേറ്റ് സര്‍വീസ് ചട്ടം പ്രകാരം തസ്തിക സൃഷ്ടിച്ച് ഇത്തരത്തിലൊരു നിയമനം നടത്താന്‍ മന്ത്രി സഭയ്ക്ക് കഴിയുമോയെന്ന കാര്യവും സുപ്രീം കോടതി പരിശോധിച്ചു. ഒരു എംഎല്‍എയുടെ മകന് ഇത്തരത്തിലൊരു നിയമനം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി മുമ്പ് നിര്‍ദേശിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.