ആലപ്പുഴയിലെ അപകട കാരണം അമിത വേഗതയും ശ്രദ്ധക്കുറവുമെന്ന് റിപ്പോര്‍ട്ട്; കാറിലുണ്ടായിരുന്നത് 11 വിദ്യാര്‍ത്ഥികള്‍

ആലപ്പുഴയിലെ അപകട കാരണം അമിത വേഗതയും ശ്രദ്ധക്കുറവുമെന്ന്  റിപ്പോര്‍ട്ട്; കാറിലുണ്ടായിരുന്നത് 11 വിദ്യാര്‍ത്ഥികള്‍

ആലപ്പുഴ: കളര്‍കോട് ഭാഗത്ത് ദേശീയപാതയില്‍ ഇന്നലെ രാത്രി അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട കാരണം അമിത വേഗതയെന്ന് കെഎസ്ആര്‍ടിസി.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമായി എതിര്‍ ദിശയില്‍ നിന്നെത്തിയ കാര്‍ അമിത വേഗത്തിലെത്തി തെന്നിമാറി ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്.

അമിത വേഗതയിലെത്തിയ കാര്‍ ബ്രേക്ക് ചെയ്തപ്പോള്‍ തെന്നിമാറി ബസിന് നേരെ വന്നു. ഇതുകണ്ട് ഡ്രൈവര്‍ ഇടതുവശം ചേര്‍ത്തു നിര്‍ത്തിയെങ്കിലും ബസിന്റെ മുന്‍വശത്ത് കാര്‍ ഇടിച്ചു കയറുകയായിരുന്നു.

കാറോടിച്ചയാളുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയില്‍ കാര്‍ ഓടിച്ചിരുന്നയാളുടെ കാഴ്ച മങ്ങിയതാണ് അപകടകാരണമെന്ന് എംവിഡിയും പൊലീസും പറയുന്നു.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, കോട്ടയം സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ചത്.

മെഡിക്കല്‍ കോളജില്‍ നിന്ന് ആലപ്പുഴയില്‍ സിനിമയ്ക്കായി കാറില്‍ വരികയായിരുന്നു. പതിനൊന്നംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ആറ് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റ ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.