ചുറ്റും നാടകീയ സംഭവങ്ങള്‍ നടക്കുമ്പോഴും നമ്മുടെ നോട്ടം സ്വര്‍ഗത്തിലേക്കായാല്‍ വെല്ലുവിളികളെ അനുകൂല സാഹചര്യങ്ങളാക്കി മാറ്റാനാവും: മാര്‍പാപ്പ

ചുറ്റും നാടകീയ സംഭവങ്ങള്‍ നടക്കുമ്പോഴും നമ്മുടെ നോട്ടം സ്വര്‍ഗത്തിലേക്കായാല്‍ വെല്ലുവിളികളെ അനുകൂല സാഹചര്യങ്ങളാക്കി മാറ്റാനാവും: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൃഷ്ടികള്‍ സ്വര്‍ഗത്തിലേക്കു തിരിക്കാനും നമ്മുടെ ഭാരങ്ങള്‍ വഹിക്കുകയും യാത്രയില്‍ നമ്മെ താങ്ങിനിര്‍ത്തുകയും ചെയ്യുന്ന കര്‍ത്താവിനായി ഹൃദയങ്ങള്‍ തുറക്കാനുമുള്ള പ്രചോദനം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ.

ആഗമന കാലത്തിലെ ആദ്യ ഞായറാഴ്ച, പതിവുപോലെ ത്രികാല പ്രാര്‍ത്ഥനയോടനുബന്ധിച്ചുള്ള വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. ആകാശശക്തികള്‍ ഇളകുമെന്നും സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്ത് ഭൂവാസികള്‍ക്ക് വലിയ ആശങ്കയും സംഭ്രമവും ഉണ്ടാകുമെന്നും യേശു അരുളിചെയ്യുന്ന സുവിശേഷ വായനയാണ് (ലൂക്കാ 21: 25-36) ഈ ആഴ്ച പരിശുദ്ധ പിതാവ് വിചിന്തന വിഷയമാക്കിയത്.

തുടര്‍ന്നുവരുന്ന ഭാഗത്ത്, കര്‍ത്താവ് തന്റെ വാക്കുകളിലൂടെ നമുക്ക് പ്രത്യാശയും ധൈര്യവും പകര്‍ന്നു തരുന്നതായി സുവിശേഷത്തില്‍ നാം കാണുന്നു. മനുഷ്യപുത്രന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ച് പറയുമ്പോള്‍, വിമോചനം ആസന്നമായിരിക്കുന്നുവെന്നും അതിനാല്‍ സ്വര്‍ഗത്തിലേക്ക് നോക്കി തലയുയര്‍ത്തി നില്‍ക്കണമെന്നുമാണ് അവിടുന്ന് തന്റെ ശിഷ്യരോട് ആവശ്യപ്പെടുന്നത്. ലൗകികമായ ആസക്തികളില്‍ മനസ് മയങ്ങരുതെന്നും മനുഷ്യ പുത്രന്റെ വരവിനായി ജാഗ്രതയോടെ കാത്തിരിക്കണമെന്നും അവിടുന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു - പാപ്പാ പറഞ്ഞു.

വിശ്വാസത്തോടെ കര്‍ത്താവിനെ നോക്കുക

യേശുവിന്റെ സമകാലീനരായിരുന്ന പലര്‍ക്കും പീഡനങ്ങളും യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും മൂലമുള്ള വിനാശങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ഭാവിയെയും ലോകാവസാനത്തെയും കുറിച്ചുള്ള ഉത്കണ്ഠകള്‍ അക്കാലത്ത് വ്യാപകമായിരുന്നു. ഭയം മൂലം ശിഷ്യന്മാര്‍ക്കുണ്ടായിരുന്ന ഹൃദയഭാരത്തെപ്പറ്റി കര്‍ത്താവിന് അറിയാമായിരുന്നു. അതിനാലാണ്, ലൗകികമായ ആകുലതകളില്‍ നിന്നും തെറ്റായ സുരക്ഷാബോധത്തില്‍ നിന്നും വിമുക്തരാകാന്‍ അവിടുന്ന് അവരെ സഹായിക്കുന്നത്.

ചുറ്റും നാടകീയമായ സംഭവങ്ങള്‍ നടന്നാലും നമ്മുടെ നോട്ടം സ്വര്‍ഗത്തിലേക്ക് മാത്രമായിരിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ ജീവിതയാത്രയില്‍ നാം നേരിടുന്ന വെല്ലുവിളികളെല്ലാം അനുകൂല സാഹചര്യങ്ങളാക്കി മാറ്റാന്‍ നമുക്ക് സാധിക്കുമെന്ന് മാര്‍പാപ്പ വിശദീകരിച്ചു.

പ്രത്യാശയുള്ള ഹൃദയങ്ങള്‍

ജാഗരൂകതയ്ക്കും അവബോധത്തിനുമായുള്ള യേശുവിന്റെ ആഹ്വാനം നമുക്കെല്ലാവര്‍ക്കും ബാധകമാണെന്ന് പാപ്പ പറഞ്ഞു. ജീവിതത്തിലുണ്ടാകുന്ന ഉല്‍ക്കണ്ഠകളും ആകുലതകളും നമ്മെ നഷ്ടധൈര്യരാക്കുകയും തളര്‍ത്തുകയും ചെയ്യാറുണ്ടോ? അതോ, തലയുയര്‍ത്തി നില്‍ക്കാനും നമ്മുടെ സഹായവും രക്ഷയുമായ കര്‍ത്താവിനെ നോക്കാനുമുള്ള വിശ്വാസവും ധൈര്യവും നമുക്കുണ്ടോ? ഈ ചോദ്യങ്ങളിലൂടെ നമ്മുടെ ജീവിതത്തെയും വീക്ഷണങ്ങളെയും കുറിച്ച് ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യണമെന്ന് പരിശുദ്ധ പിതാവ് നിര്‍ദേശിച്ചു.

ആകുലതകള്‍ നമ്മുടെ ഹൃദയത്തെ ഭാരപ്പെടുത്തുകയും ഉള്ളിലേക്ക് ഒതുങ്ങിക്കൂടാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ യേശുവാകട്ടെ, തലയുയര്‍ത്തി നില്‍ക്കാന്‍ നമ്മെ ക്ഷണിക്കുന്നു. തന്റെ സ്‌നേഹത്തില്‍ ശരണപ്പെടാനും ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും നമ്മെ തന്നിലേക്ക് അടുപ്പിക്കാനുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നമ്മെ വീണ്ടും പ്രത്യാശയാല്‍ നിറയ്ക്കാന്‍ നമ്മുടെ ഹൃദയത്തില്‍ ഇടം തരുമോ എന്ന് അവിടുന്ന് ചോദിക്കുന്നു.

നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും വഴികളില്‍ നമ്മെ താങ്ങിനിര്‍ത്തുകയും ചെയ്യുന്ന കര്‍ത്താവിലേക്ക് കണ്ണുകള്‍ ഉയര്‍ത്താനുള്ള അവസരമായി ഈ ആഗമനകാലം മാറട്ടെ എന്ന് ആശംസിച്ച് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.