ബെയ്‌റൂട്ട്: ലെബനനിലെ ഒരു ഗ്രാമത്തില്‍ ക്രിസ്മസിനായി ഒരുക്കിയ പുല്‍ക്കൂട് നശിപ്പിച്ച് അക്രമികള്‍. മൗണ്ട് ലെബനനിലെ കെസര്‍വാന്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഫരായ ഗ്രാമത്തിലാണ് വിശ്വാസികളെ ആശങ്കപ്പെടുത്തിയ സംഭവമുണ്ടായത്. പുല്‍ക്കൂടിലുണ്ടായിരുന്ന ഉണ്ണീശോയുടെ രൂപം നീക്കം ചെയ്ത് അവിടെ തോക്ക് വച്ചു. സംഭവം അറിഞ്ഞതിനു പിന്നാലെ പ്രദേശവാസികള്‍ ടൗണ്‍ സ്‌ക്വയറില്‍ തടിച്ചുകൂടി പള്ളിമണി മുഴക്കി പ്രതിഷേധിച്ചു.
ലെബനനിലെ മാരോനേറ്റ് കത്തോലിക്കരുടെ ശക്തികേന്ദ്രമായാണ് കെസര്‍വാന്‍ ജില്ല അറിയപ്പെടുന്നത്. നിലവില്‍ യുദ്ധബാധിത പ്രദേശങ്ങളില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ധാരാളം ആളുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഈ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമായാണ് പലരും ഈ നീക്കത്തെ കാണുന്നത്.
സംഭവം വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്. പ്രാദേശിക ഇടവക വികാരിയായ ഫാ. ചാര്‍ബെല്‍ സലാമേ, പ്രദേശവാസികളോടൊപ്പം ചേര്‍ന്ന് അക്രമസംഭവത്തെ അപലപിച്ചു. 'ഞങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കാനും ഐക്യം കാത്തുസൂക്ഷിക്കാനും ഞങ്ങള്‍ ജാഗ്രതയോടെ തുടരും. കര്‍ത്താവ് നമ്മെ ഒരുമിച്ചുകൂട്ടുന്നു. ഒരുപക്ഷേ, നമുക്കെല്ലാവര്‍ക്കും ഇവിടെ ഒത്തുകൂടാനും ഭിന്നതകള്‍ വിതയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കായി ഈ പുല്‍ത്തൊട്ടിക്കുമുന്നില്‍ പ്രാര്‍ഥിക്കാനും ഇത് ഒരു അവസരമായിരിക്കാം' - ഫാ. ചാര്‍ബെല്‍ പറയുന്നു.
അദ്ദേഹം തുടര്‍ന്നു - 'നമുക്ക് നിഗമനങ്ങളില്‍ എത്തിച്ചേരാതിരിക്കാം, നമ്മെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരോട് ദൈവം ക്ഷമിക്കട്ടെ. സഭാ മക്കളെന്ന നിലയില്‍, നമ്മുടെ വിശുദ്ധ സ്ഥലങ്ങള്‍ എളുപ്പത്തില്‍ നശിപ്പിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കാന്‍ ഈ പ്രവൃത്തി ചെയ്തവര്‍ക്കു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു'.
സംഭവത്തെത്തുടര്‍ന്ന്, ഉണ്ണീശോയുടെ കാണാതായ രൂപത്തിന് പകരം മറ്റൊന്ന് സ്ഥാപിച്ചു. സുരക്ഷാ സേന സ്ഥലത്തെത്തി പ്രദേശം വളയുകയും സാഹചര്യങ്ങള്‍ വിലയിരുത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം, ലെബനനില്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ ന്യൂനപക്ഷം താമസിക്കുന്ന ട്രിപ്പോളിയുടെ വടക്കന്‍ മേഖലയില്‍ ക്രിസ്തുമസ് സമയത്ത് ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.