ന്യൂഡല്‍ഹി: ഇന്ത്യയെ പരീക്ഷണ ശാലയോട് ഉപമിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ലിങ്ക്ഡ്ഇന്‍ സഹസ്ഥാപകന്‍ റീഡ് ഹോഫ്മാനുമായുള്ള പോഡ്കാസ്റ്റിനിടെയാണ് ബില്‍ ഗേറ്റ്‌സ് വിവാദ പരാമര്‍ശം നടത്തിയത്. കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ലബോറട്ടറിയാണ് ഇന്ത്യ എന്ന ബില്‍ ഗേറ്റ്സിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഇന്ത്യയുടെ പുരോഗതിയും ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമായുള്ള ഇന്ത്യയുടെ സഹകരണവും ഉയര്‍ത്തിക്കാട്ടുന്നതിനിടെ ബില്‍ ഗേറ്റ്സ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഏഴ് ആദിവാസി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരണത്തിലേക്ക് നയിച്ചെന്ന് ആരോപണം ഉയര്‍ന്ന 2009 ലെ വിവാദമായ ക്ലിനിക്കല്‍ ട്രയല്‍ വീണ്ടും പൊടിതട്ടിയെടുത്താണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച പുരോഗമിക്കുന്നത്. അന്ന് ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ക്ലിനിക്കല്‍ ട്രയലിനായി ഫണ്ട് ചെലവഴിച്ചത്.
'ഒരുപാട് കാര്യങ്ങളില്‍ ഇപ്പോഴും ബുദ്ധിമുട്ട് നേരിടുന്ന ഒരു രാജ്യത്തിന് ഉദാഹരണമാണ് ഇന്ത്യ. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെട്ടു വരികയാണ്. ഇവ മെച്ചപ്പെട്ടാല്‍ മാത്രം മതി സര്‍ക്കാരിന്റെ വരുമാനം ഉയരാന്‍. 20 വര്‍ഷം കഴിഞ്ഞാല്‍ ജനങ്ങള്‍ ഒരുപാട് മെച്ചപ്പെടും. കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഒരു ലബോറട്ടറിയാണ് ഇന്ത്യ. ഇന്ത്യയില്‍ തെളിയിക്കുന്നതോടെ നിങ്ങള്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി നടപ്പാക്കാവുന്നതാണ്'- ബില്‍ ഗേറ്റ്സ് പറഞ്ഞു.
ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ പാത്ത് (PATH- പ്രോഗ്രാം ഫോര്‍ അപ്രോപ്രിയേറ്റ് ടെക്‌നോളജി ഇന്‍ ഹെല്‍ത്ത്) 2009 ല്‍ നടത്തിയ ക്ലിനിക്കല്‍ ട്രയല്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ബില്‍ ഗേറ്റ്സിനെ വിമര്‍ശിക്കുന്നത്. 2009 ലെ വാക്‌സിന്‍ പരീക്ഷണം ഇന്ത്യയെയും മറ്റ് വികസ്വര രാജ്യങ്ങളെയും വിദേശ ധനസഹായമുള്ള സംഘടനകള്‍ എങ്ങനെ പരീക്ഷണ കേന്ദ്രങ്ങളായി ഉപയോഗിക്കുന്നു എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.
'ഇന്ത്യയിലും ആഫ്രിക്കയിലും ഗേറ്റ്സ് ഫണ്ട് ചെയ്യുന്ന എത്ര എന്‍ജിഒകള്‍ സമാനമായ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്ന് ആര്‍ക്കറിയാം? ഞങ്ങളെ ഗിനി പന്നികളെപ്പോലെ പരസ്യമായി പരിഗണിക്കുന്നതിനിടെ നമ്മുടെ ഭരണവും നയങ്ങളും അവര്‍ എത്ര എളുപ്പത്തില്‍ ആക്സസ് ചെയ്യുന്നു എന്നത് അസ്വസ്ഥമാക്കുന്നു'- സ്‌കിന്‍ ഡോക്ടര്‍ എക്സില്‍ കുറിച്ചു. സ്‌കോട്ലന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോക്ടറിന്റെ എക്സ് ഹാന്‍ഡില്‍ ആണ് ദി സ്‌കിന്‍ ഡോക്ടര്‍.
2009 ല്‍ പാത്ത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് തെലങ്കാനയിലെയും ഗുജറാത്തിലെയും 14000 ആദിവാസി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളിലാണ് ഗര്‍ഭാശയ കാന്‍സര്‍ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്. പരീക്ഷണം ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷം നിരവധി പേര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഏഴ് മരണം രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മരണം മറ്റ് കാരണങ്ങളാലാണ് സംഭവിച്ചത് എന്നായിരുന്നു വിശദീകരണം. ആരോപണങ്ങള്‍ നിഷേധിച്ച പാത്ത് അണുബാധകളും ആത്മഹത്യകളും മൂലമാണ് മരണം സംഭവിച്ചതെന്ന് വാദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.