ഇന്ന് ഭൂമിയില്‍ ഉല്‍ക്ക പതിക്കുമെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി; അപകട ഭീഷണിയില്ല

 ഇന്ന് ഭൂമിയില്‍  ഉല്‍ക്ക പതിക്കുമെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി; അപകട ഭീഷണിയില്ല

ലണ്ടന്‍: ഇന്ന് രാത്രി ഭൂമിയില്‍ ഒരു ഉല്‍ക്ക പതിക്കുമെന്ന മുന്നറിയിപ്പ് നല്‍കി യൂറോപ്യന്‍ സ്പേസ് ഏജന്‍സി. 70 സെന്റീ മീറ്റര്‍ വലിപ്പമുള്ള ഉല്‍ക്ക വടക്കന്‍ സൈബീരിയയില്‍ പതിക്കുമെന്നാണ് സ്പേസ് ഏജന്‍സിയുടെ നിഗമനം. ഇന്ത്യന്‍ സമയം രാത്രി 9:45 നാണ് ഉല്‍ക്ക ഭൂമിയില്‍ പതിക്കുക.

ഇതുവരെ പേരിടാത്ത ഉല്‍ക്ക മനോഹരമായ ആകാശ കാഴ്ചയാകും എന്നതല്ലാതെ ഭൂമിയില്‍ പതിക്കുന്നത് അപകടമൊന്നും ഉണ്ടാക്കില്ല എന്നും സ്പേസ് ഏജന്‍സി വ്യക്തമാക്കുന്നു. ഉല്‍ക്ക ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുന്നതിന് വളരെ മുമ്പ് തന്നെ ഭൂമിക്ക് നേരെ വരുന്ന വസ്തുവിനെ ലോകമെമ്പാടുമുള്ള ബഹിരാകാശ നിരീക്ഷണ ഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നു.

അന്തരീക്ഷത്തിലേക്ക് കടക്കുന്ന ഉല്‍ക്ക വായുവിന്റെ ഘര്‍ഷണത്താല്‍ കത്തി തുടങ്ങും. ഇത് ആകാശത്ത് മികച്ച കാഴ്ചയായിരിക്കും സമ്മാനിക്കുക. അന്തരീക്ഷത്തിലേക്ക് ഇത്തരം ഉല്‍ക്കകള്‍ പതിക്കുന്നത് സാധാരണയാണ്. എന്നാല്‍ ഇന്ന് വരാനിരിക്കുന്ന ഉല്‍ക്ക പതിവിലും വലുതാണ്.

2013 ല്‍ റഷ്യയിലെ ചെല്യബിന്‍സ്‌കില്‍ ഇത്തരമൊരു ഉല്‍ക്ക പതിച്ചിരുന്നു. ഈ ഉല്‍ക്കാ പതനം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിക്കുന്നതിനും കാരണമായിരുന്നു. സംഭവത്തിന് പിന്നാലെ ഭൂമിക്കടുത്തായി പറന്നു നടക്കുന്ന വസ്തുക്കളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ പല ബഹിരാകാശ ഏജന്‍സികളും കൂടുതല്‍ വിപുലീകരിച്ചിരുന്നു.

ഇന്ത്യയില്‍ നിന്ന് ഈ ഉല്‍ക്ക കാണാനാവുമോ എന്ന് സംശയമാണ്. ചില ഉല്‍ക്കകള്‍ കൂടുതല്‍ നിറത്തില്‍ കത്താറുണ്ട്. ഇവയെ ഭൂമിയില്‍ നിന്ന് വ്യക്തമായി കാണാന്‍ സാധിക്കും. വരാനിരിക്കുന്ന ഉല്‍ക്കയെ കാണാനാകുമെന്ന് പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.