പുട്ടിനും കൂട്ടർക്കുമെതിരെ ഉപരോധം ഏർപ്പെടുത്തുവാൻ യൂറോപ്യൻ യൂണിയൻ തയ്യാറെടുക്കുന്നു

പുട്ടിനും കൂട്ടർക്കുമെതിരെ ഉപരോധം ഏർപ്പെടുത്തുവാൻ യൂറോപ്യൻ യൂണിയൻ തയ്യാറെടുക്കുന്നു

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അദ്ദേഹത്തിന്റെ സുഹൃത് - ബന്ധു വൃന്ദങ്ങൾക്കും മാർച്ചിൽ യാത്രാ നിരോധനവും ആസ്തി മരവിപ്പിക്കലും ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നുവെന്ന് നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞു.

മനുഷ്യാവകാശ ലംഘനത്തിനെതിരെ നടപടിയെടുക്കാൻ ഡിസംബറിൽ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ പുതിയ വ്യവസ്ഥകൾ അനുസരിച്ച് ആദ്യമായി നടപ്പിലാക്കുന്ന ഉപരോധമായിരിക്കും പുട്ടിനെതിരെ ഏർപ്പെടുത്തുന്ന ഉപരോധം . മാർച്ചിൽ യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് മുമ്പായി കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിർന്ന യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞൻ പറഞ്ഞതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് 22 നാണ് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ യോഗം ചേരുന്നത്. ബുധനാഴ്ച ചേർന്ന യൂറോപ്യൻ യൂണിയൻ അംബാസഡർമാരുടെ യോഗം പുട്ടിനെതിരെയുള്ള ഉപരോധത്തിന് വിശാലമായ പിന്തുണ നൽകി. സ്വീഡൻ, ജർമ്മനി, ഫ്രാൻസ്, പോളണ്ട്, ബാൾട്ടിക് രാജ്യങ്ങൾ ഉൾപ്പെടെയുള്ള രാജ്യങ്ങൾ യാത്രാ നിരോധനത്തിനും ആസ്തി മരവിപ്പിക്കലിനും ആഹ്വാനം ചെയ്തു. എന്നാൽ റഷ്യയിൽ നിന്ന് ജർമ്മനിയിലേക്കുള്ള ഗ്യാസ് പൈപ്പ്ലൈൻ നിർത്തുന്നതിനെക്കുറിച്ച് ഒരു ചർച്ചയും ഉണ്ടായിരുന്നില്ല.

ഫെബ്രുവരി 5 ന് റഷ്യ , യൂറോപ്യൻ രാജ്യങ്ങളെ പ്രകോപിപ്പിച്ചുകൊണ്ട് ജർമൻ, പോളിഷ്, സ്വീഡിഷ് നയതന്ത്രജ്ഞരെ പുറത്താക്കി. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഒരു വാർത്താ സമ്മേളനത്തിൽ യൂറോപ്യൻ യൂണിയനെ വിശ്വാസ്യതയില്ലാത്ത പങ്കാളി എന്ന് വിളിച്ചു ആക്ഷേപിച്ചത് യൂറോപ്യൻ യൂണിയനെ ചൊടിപ്പിച്ചു . ചില രാജ്യങ്ങൾ ഉപരോധത്തിന് വിധേയമാകുമെന്ന് കരുതുന്നവരുടെ പേരുകൾ മുന്നോട്ട് വച്ചിട്ടുണ്ട്, എന്നാൽ യൂറോപ്യൻ ബാങ്കുകളിൽ നിന്ന് സ്വത്തുക്കൾ മാറ്റാൻ സാധ്യതയുള്ള അത്തരം വിശദാംശങ്ങൾ പുറത്തു നൽകാൻ വിസമ്മതിച്ചു.

റഷ്യ , ക്രിമിയയെ ഉക്രെയ്നിൽ നിന്ന് 2014 ൽ പിടിച്ചടക്കിയത്തിനോട് അനുബന്ധിച്ച് യൂറോപ്യൻ യൂണിയൻ ഇതിനകം തന്നെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നവാൽനിയെ വിഷം കൊടുത്തു കൊല്ലുവാൻ നോക്കിയെന്ന ആരോപണത്തെ തുടർന്ന് പുടിനുമായി അടുത്ത ആറ് റഷ്യൻ ഉദ്യോഗസ്ഥർക്ക് യാത്രാ വിലക്കും സ്വത്ത് മരവിപ്പിക്കലും ഏർപ്പെടുത്തി. പക്ഷെ ഈ ആരോപണം റഷ്യ നിഷേധിച്ചു.

കഴിഞ്ഞ മാസം ജർമ്മനിയിൽ നിന്ന് ചികിത്സക്ക് ശേഷം റഷ്യയിലേക്ക് മടങ്ങിയ നവാൽനിയെ കസ്റ്റഡിയിലെടുക്കുകയും ഫെബ്രുവരി 2 ന് ജയിലിൽ അടയ്ക്കുകയും ചെയ്തു. റഷ്യയിൽ നൽവാനിയുടെ മോചനത്തിനായി  പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ് ഇപ്പോൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.