ജിഎസ്ടിയും റോയല്‍റ്റിയും ഒഴിവാക്കൂ; കേരളത്തിന്റെ ദേശീയപാത വികസനത്തിന് എത്ര ലക്ഷം കോടി വേണമെങ്കിലും തരാം: നിതിന്‍ ഗഡ്കരി

ജിഎസ്ടിയും റോയല്‍റ്റിയും ഒഴിവാക്കൂ; കേരളത്തിന്റെ ദേശീയപാത വികസനത്തിന് എത്ര ലക്ഷം കോടി വേണമെങ്കിലും തരാം: നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കേരളത്തിന്റെ ദേശീയപാത വികസനത്തിന് എത്ര ലക്ഷം കോടി രൂപയും നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി വേണ്ടെന്ന് വെച്ചാല്‍ സ്ഥലമേറ്റെടുപ്പിനുള്ള സംസ്ഥാന വിഹിതം നല്‍കേണ്ടതില്ലെന്നും ഗഡ്കരി പറഞ്ഞു.

സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സര്‍ക്കാര്‍ അയ്യായിരം കോടി രൂപ നല്‍കിയതായും കൂടുതല്‍ തുക നല്‍കാന്‍ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ഇതിനുള്ള പ്രതിവിധിയാണ് തന്റെ നിര്‍ദേശം. മൂലധന വിപണിയില്‍ നിന്നാണ് ഗതാഗത വകുപ്പ് പണം സ്വരൂപിക്കുന്നതെന്നും അതിനാല്‍ ഒരു ലക്ഷം കോടിയോ രണ്ട് ലക്ഷം കോടിയോ പ്രശ്‌നമല്ലെന്നും അദേഹം വ്യക്തമാക്കി.

കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയപാത പൂര്‍ത്തിയാക്കാന്‍ 95 കോടി രൂപയാണ് ചെലവ് വരുന്നത്. 46 കോടിയാണ് നിര്‍മാണച്ചെലവ്. എന്നാല്‍ 46 മുതല്‍ 50 കോടി വരെയാണ് ഒരു കിലോമീറ്റര്‍ ഭാഗത്ത് സ്ഥലമേറ്റെടുപ്പിന് മാത്രം കേരളത്തില്‍ ചെലവ്.

നിര്‍മാണ സാമഗ്രികളായ സ്റ്റീല്‍, സിമന്റ് എന്നിവയുടെ 18 ശതമാനം ജിഎസ്ടിയില്‍ സംസ്ഥാനത്തിന്റെ ഒമ്പതു ശതമാനവും മണലിന്റെയും മറ്റും റോയല്‍റ്റിയും സംസ്ഥാനം ഒഴിവാക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.

എന്നാല്‍ കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് സ്ഥലമേറ്റെടുപ്പിനുള്ള വായ്പാ തുക ഒഴിവാക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ കേരളം സ്ഥലമേറ്റെടുപ്പിന് പണം നല്‍കാന്‍ തയ്യാറാണെന്നും ഈ വിഷയം സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെച്ച് മന്ത്രിയോട് പൂര്‍ണമായി സഹകരിക്കുമെന്നും സിപിഎം. സഭാ ഉപനേതാവ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ജിഎസ്ടി ഒഴിവാക്കുന്നത് നഷ്ടമാണെന്നും എന്നാല്‍ കടമെടുപ്പ് പരിധിയില്‍ ഈ തുക ഉള്‍പ്പെടുത്താതിരുന്നാല്‍ വായ്പ സ്വീകരിച്ച് പണം നല്‍കാന്‍ പ്രയാസമില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.

ഭൂമി ഏറ്റെടുക്കല്‍ ചെലവ് കേരളത്തില്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ ഗതാഗത മന്ത്രി, രണ്ട് വര്‍ഷം മുമ്പ് കേരളത്തിന്റെ മുഖ്യമന്ത്രിയുമായും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥലമേറ്റെടുപ്പിന് 50 ശതമാനം തുക വഹിക്കാമെന്ന് വാഗ്ദാനം തന്നതായും പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ഥമായി 5000 കോടി രൂപയും നിക്ഷേപിച്ചു. ഇപ്പോഴത്തെ പ്രശ്‌നം എറണാകുളം-കുണ്ടന്നൂര്‍ ബൈപ്പാസ് പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് തുക 3600 കോടിയാണെന്നതാണ്. ഇതോടെ മുഖ്യമന്ത്രി ഖേദപ്രകടനത്തോടെ അത്രയും പണം നല്‍കാനുള്ള സാഹചര്യമില്ലെന്നറിയിച്ചെന്നും ഗഡ്ഗരി കൂട്ടിച്ചേര്‍ത്തു.

ദേശീയപാതയുടെ നിര്‍മാണത്തിനാവശ്യമായ സ്റ്റീലിന്റെയും സിമന്റിന്റെയും ജിഎസ്ടി ഒഴിവാക്കുന്നതോടൊപ്പം മണലിനും കല്ലിനുമുള്ള റോയല്‍റ്റിയും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുകയാണെങ്കില്‍ എല്ലാ പദ്ധതികളുടെയും പണം വഹിക്കാന്‍ കേന്ദ്രം തയ്യാറാണെന്ന് മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

ജോണ്‍ ബ്രിട്ടാസിന്റെ കട പരിധി നിര്‍ദേശം ധനമന്ത്രിക്ക് മുന്നില്‍ വെക്കാമെന്നറിയിച്ച ഗഡ്കരി, ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ സമീപനം വളരെ അഭിനന്ദനീയമാണെന്നും പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത് സബ്കാ സാത്ത്, സബ്കാ വികാസ് എന്ന നയമാണെന്നും അദേഹം വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.