കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണ ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വാദം.
നവീന്‍ ബാബുവിന്റെ മരണശേഷം അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചകള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കുടുംബം അക്കമിട്ട് വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കാനും എസ്ഐടിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പത്ത് ദിവസമാണ് ഇതിന് കോടതി അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ഹൈക്കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.
ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്ന് നേരത്തെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. കൊലപാതകം എന്നാണോ പറയുന്നതെന്നും അത് എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സംശയമുണ്ടെന്നായിരുന്നു നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകയുടെ മറുപടി.
കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) എന്നത് പേരിന് മാത്രമാണെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. പ്രതി സജീവ സിപിഎം പ്രവര്‍ത്തകയാണെന്നും രാഷ്ട്രീയ സ്വാധീനമുള്ളയാളാണെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതി എങ്ങനെയാണ് അന്വേഷണത്തെ സ്വാധീനിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതേ തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
നവീന്‍ ബാബുവിന്റെ യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പി.പി ദിവ്യ ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിന് പിന്നാലെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കീഴടങ്ങിയ പി.പി ദിവ്യ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.